ലോക്ഡൗണ്‍: ‘അത്താഴം മുട്ട്’ ഇല്ലാതെ ഇക്കുറി കൊച്ചിയിലെ റമദാൻ
text_fieldsമട്ടാഞ്ചേരി: അത്താഴം മുട്ടെന്ന ഉണര്‍ത്തുപാട്ടുകാര്‍ ഇത്തവണ നിരാശയിലാണ്. റമദാന് കാലം ലോക്ഡൗണില്പെട്ടതോടെ പരമ്പരാഗതമായി തുടർന്ന അത്താഴം മുട്ട് ഉണ്ടായില്ല. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയില്‍ റമദാനിലെ പ്രത്യേകതയാണ് അത്താഴം മുട്ടെന്ന ഉണര്‍ത്തുപാട്ട്. അലറാം അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വ്രതം അനുഷ്ഠിക്കുന്നവരെ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്ന യുവാക്കളുടെ കലയാണ് അത്താഴം മുട്ട്.
യുവാക്കള്‍ സംഘങ്ങളായി ഓരോ വീടിനുമുന്നിലും റമദാൻ മാസത്തിെൻറ ശ്രേഷ്ഠതകള്‍ ഉയര്‍ത്തിയും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാടിയും അറബന മുട്ടിയും കോല്കളിച്ചും വാതിലില്‍ തട്ടി വീട്ടുകാരെ വിളിച്ചുണര്ത്തുന്നതാണ് രീതി. ഒന്നാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റമദാൻ എത്തിയിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ റമദാൻ ആരംഭിച്ചെങ്കിലും അത് കഴിഞ്ഞ് സമൂഹ അകലം പാലിച്ച് അത്താഴം മുട്ടാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ലോക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ റമദാൻ അവസാന നാളുകളില്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, ലോക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
ചക്കരയിടുക്കിലെ വോയ്സ് ഓഫ് ജനറേഷന് അടക്കമുള്ള സംഘടനകളാണ് അത്താഴം മുട്ട് തുടര്‍ന്നുവന്നിരുന്നത്. ബാല്യം മുതല്‍ കേട്ടുവന്നിരുന്ന അത്താഴംമുട്ട് ഇത്തവണ കേള്‍ക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് പ്രായമായവർ പറയുന്നു. അത്താഴംമുട്ട് എന്ന കല കൊച്ചിയുടെ ഒരുതാളമാണെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.