കുട്ടികൾക്ക് കളിക്കാം രസിക്കാം; പാർക്കിലല്ല പൊലീസ് സ്റ്റേഷനിൽ
text_fieldsകൊച്ചി: ‘‘വേഗം ചോറുതിന്നോ ഇല്ലേൽ പൊലീസുവരും’’ എന്നൊന്നും പറഞ്ഞ് കുഞ്ഞുങ്ങളെ ഇനി വിരട്ടണ്ട. ഇപ്പോൾ പഴയ പൊലീസ് സ്റ്റേഷനൊന്നുമല്ല. മിക്കി മൗസും ടോം ആൻഡ് ജെറിയും ഒക്കെയടങ്ങുന്ന കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ചുമരുകൾ. കുട്ടികൾക്ക് കൂട്ടുകൂടാനും കളിച്ച് രസിക്കാനും കളിപ്പാട്ടങ്ങൾ. ചെറിയ കുഞ്ഞുങ്ങളെ താരാട്ടുപാടിയുറക്കാൻ തൊട്ടിൽ മുതൽ അമ്മമാർക്ക് മുലയൂട്ടാൻ ഫീഡിങ് ഏരിയ വരെ. കുരുന്നുകളെ സ്വീകരിക്കാൻ പൊലീസ് അങ്കിൾമാരും ആൻറിമാരും. എറണാകുളം നോർത്ത് സ്റ്റേഷനിൻ ഇനി ശിശുസൗഹൃദം.
പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ കുരുന്നുകളെ സ്വീകരിക്കാൻ യൂനിഫോം ധരിച്ച പൊലീസുകാർ ഓടിയെത്തി. പിന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകാൻ തയാറായി നിന്ന എസ്.പി.സി കാഡറ്റുകൾക്കിടയിലൂടെ വി.ഐ.പി പ്രൗഢിയോടെ പൊലീസുകാരുടെ കൈയുംപിടിച്ച് അകത്തേക്ക്. പരിപാടിക്കെത്തിയ കുട്ടികളെ മടിയിലിരുത്തി ഐ.ജി വിജയ് സാക്കറെയും കമീഷണർ എം.പി. ദിനേശും. ശിശുസൗഹൃദ പൊലീസ് സ്േറ്റഷനാക്കി ഉയർത്തിയ ചടങ്ങിനെത്തിയ കുരുന്നുകളായിരുന്നു ഇവിടെ താരങ്ങൾ.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നതിെൻറ ഭാഗമായാണ് സ്റ്റേഷനിൽ പുതിയ സംവിധാനങ്ങളൊരുങ്ങിയത്. രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് ഇനി ഇവിടം വീടാകും. എയർ കണ്ടീഷൻ ചെയ്ത മുറിയാണ് ഇതിനായി തയാറായിരിക്കുന്നത്. പരാതി പറയാൻ ഒരാളുടെയും സഹായമില്ലാതെ കുട്ടികൾക്ക് ഇവിടെ വരാം. കൗൺസലിങ് ഹാൾ, മൾട്ടി ജിം, യോഗ പരിശീലന കേന്ദ്രം, ടേബിൾ ടെന്നീസ് കോർട്ട്, കാരംസ്, ചെസ്, വിശാലമായ മീറ്റിങ് ഹാൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ ഉദ്ഘാടനം ചെയ്തു. കമീഷണർ എം.പി ദിനേശ് അധ്യക്ഷതവഹിച്ചു. ഡി.സി.പി ഹിമേന്ദ്രനാഥ്, അസി. കമീഷണർ കെ. ലാൽജി, നിയുക്ത കൊച്ചി എ.സി.പി പി.എസ്. സുരേഷ് എന്നിവർ സംബന്ധിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.