സ്മാർട്ടായില്ല കൊച്ചി സ്മാര്‍ട്ട് സിറ്റി
text_fieldsസ്മാർട്ട് സിറ്റി കൊച്ചി പദ്ധതിയുടെ പ്രവേശന കവാടം
കൊച്ചി: കൊച്ചിയുടെ സ്വപ്നപദ്ധതിയായ സ്മാർട്ട് സിറ്റി പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുമ്പോൾ വിവാദങ്ങൾ വീണ്ടും തലെപാക്കുന്നു. പതിറ്റാണ്ട് പിന്നിട്ടിട്ടും ലക്ഷ്യംകാണാത്ത പദ്ധതിയിൽനിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ ഒഴിവാക്കി 246 ഏക്കർ പാട്ടഭൂമി തിരിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കി ഭൂമി തിരിച്ചെടുക്കുന്നതിനുപിന്നിൽ കച്ചവടക്കണ്ണും കള്ളക്കളികളുമാണെന്ന ആരോപണമുണ്ട്.
2004 ജൂലൈയിലാണ് കൊച്ചിയിൽ സ്മാർട്ട് സിറ്റി തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ദുബൈ ഇന്റർനെറ്റ് സിറ്റി രംഗത്തുവരുന്നത്. 2005 മേയ് നാലിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അംഗീകാരം നൽകിയ പദ്ധതിക്ക് ദുബൈ ഇന്റർനെറ്റ് സിറ്റിയുമായി ഒപ്പുവെക്കേണ്ട കരാർ 2005 ആഗസ്റ്റ് 11ന് മന്ത്രിസഭ യോഗം അംഗീകരിച്ചു. കരാർ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ രംഗത്തുവന്നു. ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രിയും ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന്, ദുബൈ ഹോൾഡിങ്സിന്റെ ഉപകമ്പനിയായ ടീകോം ഇൻവെസ്റ്റ്മെന്റ്സുമായി ധാരണപത്രത്തില്‍ ഒപ്പിട്ടു. മൂന്നുമാസത്തിനകം അന്തിമ കരാർ ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ, തങ്ങൾ അധികാരത്തിലെത്തിയാൽ ദോഷകരമായ വ്യവസ്ഥകൾ ഒഴിവാക്കുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി രണ്ടിന് വി.എസ് മുഖ്യമന്ത്രിയായിരിക്കെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി പുതുക്കിയ പാട്ടക്കരാർ ഒപ്പുവെച്ചു.
99 വർഷത്തെ കരാറിൽ നിശ്ചയിച്ച പാട്ടം ഏക്കറിന് ഒരു രൂപയാണ്. പത്തുവർഷത്തിനകം 88 ലക്ഷം ചതുരശ്രയടിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ഇതിൽ 62 ലക്ഷം ചതുരശ്ര അടിയെങ്കിലും ഐ.ടി അനുബന്ധ സേവനങ്ങൾക്കായിരിക്കണമെന്നും അല്ലെങ്കിൽ സർക്കാർ പദ്ധതി ഏറ്റെടുക്കും എന്നുമായിരുന്നു പ്രധാന വ്യവസ്ഥ. ആദ്യഘട്ടം നിശ്ചയിച്ചതിലും ഒരുവർഷം വൈകി 2016 ഫെബ്രുവരി 20ന് ഉദ്ഘാടനംചെയ്തു. കാക്കനാട് ഇടച്ചിറയിൽ സർക്കാർ ഏറ്റെടുത്ത 136 ഏക്കർ സ്വകാര്യ ഭൂമിയും ഇതിനോട് ചേർന്ന് വൈദ്യുതി ബോർഡിന്റെ 100 ഏക്കറും ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്ന 10 ഏക്കറും ഉൾപ്പെടെ 246 ഏക്കറാണ് പദ്ധതിക്കായി കണ്ടെത്തിയത്. ടീകോമിന് 84 ശതമാനവും സംസ്ഥാന സർക്കാറിന് 16 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. പദ്ധതി നടത്തിപ്പിനായി സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും രൂപംനൽകി.
നിലവിൽ ഇങ്ങനെ
നിലവിൽ ഐ.ടി, ഇതര വിഭാഗങ്ങളിലായി ബഹുരാഷ്ട്ര, ഇടത്തരം, സ്റ്റാർട്ടപ് കമ്പനികൾ ഉൾപ്പെടെ 37 എണ്ണമാണ് സ്മാർട്ട് സിറ്റിയുടെ ഭാഗമായിട്ടുള്ളത്. ഇവയിൽ 27 എണ്ണം ഐ.ടി കമ്പനികളാണ്. വിദ്യാഭ്യാസം ഒന്ന്, ധനകാര്യം മൂന്ന്, ഗവേഷണവും വികസനവും ഒന്ന്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) രണ്ട്, ഫുഡ് ആൻഡ് ബിവറേജസ് രണ്ട്, കൺസൾട്ടിങ് ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവ. 13 വർഷത്തിനിടെ എത്തിയത് 2609 കോടിയുടെ നിക്ഷേപം. ഇതിൽ 1935 കോടിയുടെ നിർമാണം പുരോഗമിക്കുന്നു എന്നാണ് പദ്ധതിയുടെ വെബ്സൈറ്റിലുള്ളത്. ഇതിലെല്ലാംകൂടി ആറായിരത്തോളം തൊഴിലാളികൾ. ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായത് 6.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ്. രണ്ടാംഘട്ടത്തിൽ 47 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള നാല് കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. പദ്ധതിപ്രദേശത്തിന്റെ കുറച്ചുഭാഗം കാടുകയറിയ നിലയിലുമാണ്. പ്രളയവും കോവിഡുമെല്ലാം പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതേസമയം, ഭൂമി തിരിച്ചെടുത്ത് ഇഷ്ടക്കാർക്ക് കൈമാറാനാണെന്നും ഇതിനുപിന്നിൽ ഭൂമാഫിയയുടെ ഇടപെടലുണ്ടെന്നുമുള്ള ആരോപണവും ശക്തമാണ്.
രണ്ട് കരാറുകൾ
സ്മാർട്ട് സിറ്റി പദ്ധതിക്കായി ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കരാറിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടായിരുന്നു വി.എസിന്റെ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച അന്തിമ കരാറിന്. പല വ്യവസ്ഥകളും പൊളിച്ചെഴുതി. ഇരു കരാറിലെയും പ്രധാന വ്യവസ്ഥകൾ താഴെ പറയുംപ്രകാരമായിരുന്നു.
യു.ഡി.എഫ് കരാർ
- സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാൻ ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കും
- 10 വര്‍ഷത്തിനകം വാണിജ്യ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിഭാഗത്തിലുമായി 20 ലക്ഷം ചതുരശ്രയടി കെട്ടിടം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കും
- എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഒരു ഐ.ടി സ്ഥാപനവും ഉണ്ടാകില്ല
- ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിനു പകരം സ്മാര്‍ട്ട് സിറ്റിയില്‍ സര്‍ക്കാറിന് ഒമ്പതുശതമാനം ഓഹരി പങ്കാളിത്തം
- ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാറിന് രണ്ട് അംഗങ്ങള്‍
- പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്ഫോപാര്ക്കിലേതടക്കം 33,000 തൊഴിലവസരം
എല്‍.ഡി.എഫ് കരാർ
- സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാൻ ഇന്‍ഫോപാര്‍ക്ക് കൈമാറില്ല
- 10 വര്‍ഷത്തിനകം പൂർത്തിയാക്കേണ്ടത് 88 ലക്ഷം ചതുരശ്രയടി നിർമാണം. ഇതില്‍ 62 ലക്ഷം ചതുരശ്രയടി ഐ.ടി അനുബന്ധ സേവനങ്ങൾക്ക്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും
- സംസ്ഥാനത്തെവിടെയും ഐ.ടി സ്ഥാപനങ്ങളും പാര്‍ക്കുകളും തുടങ്ങാൻ സര്‍ക്കാറിന് അവകാശമുണ്ടാകും
- ആദ്യഘട്ടത്തില്‍ സര്‍ക്കാറിന് 16 ശതമാനം ഓഹരി. അഞ്ചുവര്‍ഷത്തിനകം 26 ശതമാനമായി ഉയർത്തും. 10 ശതമാനം അധിക ഓഹരിയുടെ വില സ്വതന്ത്ര ഏജന്‍സി നിശ്ചയിക്കും.
- സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍സ്ഥാനം സര്‍ക്കാര്‍ പ്രതിനിധിക്ക്. ഇതടക്കം ആദ്യഘട്ടത്തില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് സർക്കാർ പ്രതിനിധികള്‍. ഓഹരി പങ്കാളിത്തം 26 ശതമാനമായി ഉയരുമ്പോൾ ഒരു സർക്കാർ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തും.
- പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാർക്ക് ഉൾപ്പെടുത്താതെ തൊഴിലവസരം 90,000

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.