കൊച്ചി സ്മാര്‍ട്ട് സിറ്റി: ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി പൊള്ളയെന്ന് തെളിഞ്ഞു- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി എങ്ങുമെത്താതെ അവസാനിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം സംസ്ഥാനം മാറി മാറി ഭരിച്ച മുന്നണികള്‍ക്കാണെന്നും അവരുടെ വികസന വായ്ത്താരി പൊള്ളയാണെന്നു വ്യക്തമായിരിക്കുകയാണെന്നും എസ്.ഡി.പി.ഐ. കേരളത്തിന്റെ കണ്ണായ 246 ഏക്കര്‍ ഭൂമി 13 വര്‍ഷം ഉല്‍പ്പാദനപരമല്ലാതെ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഭരണകൂടത്തിന് കഴിയില്ല.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉതകുന്നതും ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതുമായ പദ്ധതി എന്തുകൊണ്ട് പാതിവഴിയില്‍ മുടങ്ങിയെന്ന് സര്‍ക്കാര്‍ വിശദമാക്കണം. 2021 ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി എവിടെയുമെത്തുന്നില്ല എന്നു മനസിലാക്കാന്‍ 2024 വരെ കാത്തിരുന്നത് കൃത്യവിലോപമാണ്.
പദ്ധതി മുടങ്ങുന്നതിന്റെ ഉത്തരവാദി ടീകോം ആണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. കൂടാതെ ഈ തീരുമാനം തന്നെ കരാര്‍ വ്യവസ്ഥകള്‍ക്ക് എതിരാണ്. കേരളത്തെ വഞ്ചിച്ച ടീകോം കമ്പനിയ്ക്ക് ഒരു രൂപ പോലും നഷ്ട പരിഹാരം നല്‍കരുത്. സമഗ്രവും വന്‍ നിക്ഷേപം ആവശ്യവുമായ പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷി സംസ്ഥാന സര്‍ക്കാരിന് ഇല്ല എന്ന ആക്ഷേപം ശരിവെക്കുന്നതാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ പരാജയം.
ടീകോമുമായുള്ള കരാര്‍ തന്നെ വലിയ അഴിമതിയാണെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട യുഡിഎഫ് സര്‍ക്കാരും പ്രത്യേകിച്ച് വ്യവസായ വകുപ്പ് നിയന്ത്രിച്ചിരുന്നവരും പിന്നീട് കരാര്‍ ഒപ്പിട്ട ഇടതു സര്‍ക്കാരും കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ പോലും തയ്യാറാവാതെ ഒളിച്ചുകളി നടത്തുകയായിരുന്നു. അഴിമതിയില്‍ ഇരു മുന്നണികളും ഒരേ തൂവല്‍പക്ഷികളാണെന്ന് വ്യക്തമാക്കുന്നതാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി.
100 കമ്പനികള്‍ ഭൂമിക്കായി കാത്തു നില്‍ക്കുന്നു എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കരാര്‍ റദ്ദാക്കി 246 ഏക്കര്‍ തിരിച്ചുപിടിച്ച് കുത്തകകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും കൈമാറാനുള്ള നീക്കമാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്ന സംശയം ബലപ്പെടുത്തുന്നു. കൂടാതെ കഴിഞ്ഞകാലങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഏക്കര്‍ കണക്കിന് ഭൂമി വ്യവസായ വികസനത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ എറ്റെടുത്ത് പ്രത്യേക സാമ്പത്തിക മേഖലയായി മാറ്റിയിട്ടുണ്ട്.
അവ എത്രമാത്രം ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട് എന്ന് ഓഡിറ്റ് നടത്തണം. ഭൂമി ഏറ്റെടുക്കലും കരാര്‍ ഒപ്പിടലും അഴിമതിക്കു കളമൊരുക്കുക മാത്രമാണോ എന്നു പരിശോധിക്കപ്പെടണമെന്നും സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.