കൊച്ചിയിൽ തദ്ദേശതന്ത്രം വിലപ്പോകുമോ? -മണ്ഡലപരിചയം
text_fieldsമട്ടാഞ്ചേരി: സംസ്ഥാനത്തെ ചെറിയ നിയോജക മണ്ഡലമായിരുന്ന മട്ടാഞ്ചേരിയുടെ വിസ്തീർണം വർധിപ്പിച്ചപ്പോൾ പുതിയ കൊച്ചി മണ്ഡലമായി. പള്ളുരുത്തി മണ്ഡലത്തിലെ കൊച്ചി നഗരസഭയുടെ ഭാഗമായ നാല് ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ചേർത്ത് മണ്ഡലം വികസിപ്പിച്ചപ്പോൾ തുറമുഖ പ്രദേശമായ വിലിങ്ടൺ ഐലൻഡ് എറണാകുളം മണ്ഡലത്തിലേക്ക് കൂട്ടിച്ചേർത്തു.
പൊതുവേ യു.ഡി.എഫിനോട് ചാഞ്ഞുനിന്നിരുന്ന മട്ടാഞ്ചേരി മണ്ഡലം കൊച്ചിയായി മാറിയശേഷം നടന്ന രണ്ട് െതരഞ്ഞെടുപ്പുകളിൽ രണ്ടുമുന്നണികളും ഒരോ തവണ വിജയക്കൊടി പാറിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് മട്ടാഞ്ചേരി മണ്ഡലത്തിൽ 1967 മുതൽ മത്സരിച്ചുവന്നത്. കൊച്ചി മണ്ഡലമായതോടെ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. 2011ൽ കോൺഗ്രസ് സ്ഥാനാർഥി ഡൊമിനിക് പ്രസൻറേഷൻ 16,503 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പുതിയ മണ്ഡലത്തിൽ വിജയം നേടിയെങ്കിലും 2016ൽ സി.പി.എം സ്ഥാനാർഥി കെ.ജെ. മാക്സിയോട് അടിയറവ് പറഞ്ഞു. 1086 വോട്ടിെൻറ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയമാണ് മാക്സി നേടിയത്. കോൺഗ്രസ് റെബൽ സ്ഥാനാർഥിയുടെ രംഗപ്രവേശവും മറ്റ് അടിയൊഴുക്കുകളും പരാജയത്തിന് വഴിയൊരുക്കി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 29,500 വോട്ടിെൻറ ഭൂരിപക്ഷം കൊച്ചി മണ്ഡലത്തിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ നേടി റെക്കോഡ് വിജയം കരസ്ഥമാക്കിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ റെബൽ സാന്നിധ്യം കൊച്ചി കോർപറേഷൻ ഡിവിഷനുകളിൽ യു.ഡി.എഫിെൻറ താളംതെറ്റിച്ചു. മൂന്നു ഡിവിഷനുകളിൽ റെബലുകൾ ജയിച്ചുകയറി. രണ്ടു ഡിവിഷനിൽ റെബലുകൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ യു.ഡി.എഫ് മൂന്നാം സ്ഥാനക്കാരായി. 7302 വോട്ടാണ് കൊച്ചി മണ്ഡലത്തിലെ കോർപറേഷൻ പരിധിയിൽ മാത്രം റെബലുകൾ നേടിയത്.
തെക്കൻ കേരളത്തിലെ മുസ്ലിംലീഗിെൻറ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പഴയ മട്ടാഞ്ചേരി മണ്ഡലത്തിൽ ഒരുസീറ്റ് പോലും നേടാനാവാതെ ദയനീയ പരാജയമാണ് ലീഗ് നേരിട്ടത്. കോൺഗ്രസ് പുതിയ കൊച്ചി മണ്ഡലത്തിൽ അഞ്ച് ഡിവിഷനുകളിൽ ഒതുങ്ങി.
ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം നിലനിർത്തിയപ്പോൾ യു.ഡി.എഫ് ട്വൻറി20ക്ക് പിറകിൽ മൂന്നാം സ്ഥാനക്കാരായി. ആകെ നാല് വാർഡുകളിൽ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. കുമ്പളങ്ങി പഞ്ചായത്തിൽ ഭരണം നിലനിർത്തിയത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്. ജില്ല പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുത്തതും കോൺഗ്രസിന് നേട്ടമായി. എന്നാൽ, തദ്ദേശ െതരഞ്ഞെടുപ്പിലെ ഇടതുമുന്നേറ്റം നിയമസഭയിൽ വിലപ്പോകില്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.