കൊച്ചി 'ഹബ് ഓഫ് ഡ്രഗ്സ്'; മയക്കുമരുന്ന് വിപണിയും ഇടത്താവളവുമായി ഇടവഴികൾ
text_fieldsപലപ്പോഴും വിവരിക്കുന്ന പോലെ കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല. റോഡും തോടും കെട്ടിടങ്ങളും ഫാഷനും മാറിമറിയുന്ന പോലെ കൊച്ചിക്ക് പുതിയൊരു പേരുകൂടി പൊലീസ്, എക്സൈസ് വകുപ്പുകൾ ചാർത്തിയിട്ടുണ്ട്. അത് 'മയക്കുമരുന്നുകളുടെ ഹബ്' എന്നാണ്. ഇന്ത്യയിൽ ലഭ്യമായ എല്ലാ ന്യൂജെൻ മാരക മയക്കുമരുന്നുകളും ഈ നഗരത്തിൽ അപകടകരമാകും വിധം ഒഴുകിയെത്തുന്നു. ഇതേക്കുറിച്ച് 'മാധ്യമം' ലേഖകൻ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ...
കൊച്ചി: അടുത്തിടെ എറണാകുളം കലൂർ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് തിരക്കേറിയ ഉച്ചനേരം. നഗരം ചുറ്റിക്കറങ്ങിയ എക്സൈസ് പാർട്ടിയുെട ഒരു ജീപ്പ് സിഗ്നൽ പച്ചയാകാൻ കാത്തുകിടക്കുന്നു. പൊടുന്നനെ ജീപ്പിന് പിന്നിൽ നിയന്ത്രണം വിട്ടെന്ന പോലെ ഇടിച്ചുകയറി ഒരു ന്യൂജെൻ ബൈക്ക്. ചാടിയിറങ്ങിയ എക്സൈസ് സംഘം അപകടം വരുത്തിയ പയ്യനെ പിടിച്ചെഴുന്നേൽപിച്ച് മുഖം കണ്ടപ്പോൾ പന്തികേട്. ഉടനെ പയ്യനെയും ബൈക്കും പരിശോധിച്ചു. കൈയിൽ തടഞ്ഞത് ചെറുപൊതിയിൽ സൂക്ഷിച്ച ഏതാനും ഗ്രാം കഞ്ചാവ്. അളവുകുറവായത് കൊണ്ട് ജാമ്യം നേടി പയ്യൻ കൂളായി പുറത്തിറങ്ങി.
പലപ്പോഴും വിവരിക്കുന്ന പോലെ കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല. റോഡും തോടും കെട്ടിടങ്ങളും ഫാഷനും മാറിമറിയുന്ന പോലെ കൊച്ചിക്ക് പുതിയൊരു പേരുകൂടി പൊലീസ്, എക്സൈസ് വകുപ്പുകൾ ചാർത്തിയിട്ടുണ്ട്. അത് 'മയക്കുമരുന്നുകളുടെ ഹബ്' എന്നാണ്.
ഇന്ത്യയിൽ ലഭ്യമായ എല്ലാ ന്യൂജെൻ മാരക മയക്കുമരുന്നുകളും ഈ നഗരത്തിൽ അപകടകരമാകും വിധം ഒഴുകിയെത്തുന്നു. ഇവിടെ നിന്ന് അനേകമിടങ്ങളിലേക്ക് മയക്കുമരുന്നുകൾ കടത്തുന്നു. പരിശോധന ഏജൻസികളുടെ നിതാന്ത ജാഗ്രതയും കടുത്ത നീക്കങ്ങളും ഉണ്ടായില്ലെങ്കിൽ അറബിക്കടലിെൻറ റാണി, കുറ്റകൃത്യങ്ങളുടെ ആസ്ഥാന നഗരമായി മാറാൻ ഇനി അധികനാൾ വേണ്ട.
പിടികൂടുന്നത് മഞ്ഞുമലയുടെ അറ്റം
ശനിയാഴ്ച രാത്രി കൊച്ചിയിലെ പല ബാറുകളിലുമായി നടന്ന നിശാപാർട്ടികളിൽ എക്സൈസ്, കസ്റ്റംസ് അധികൃതർ സംയുക്ത പരിശോധന നടത്തിയപ്പോൾ ഒരിടത്തുനിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. ബംഗളൂരു, ആലുവ സ്വദേശികളായ നാലുപേർ പിടിയിലായി. എറണാകുളത്തെ രണ്ട് ആഡംബര ഹോട്ടലുകൾ, ഫോര്ട്ട്കൊച്ചിയിലെ ഹോട്ടല് എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചക്കരപ്പറമ്പിലെ ഹോളി ഡേ ഇൻ ഹോട്ടലിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പിടിയിലായവർ റിമാൻഡിലായി.
ഞായറാഴ്ച പകൽ നഗരത്തിൽ നടത്തിയ വ്യാപക തിരച്ചിലിൽ സിന്തറ്റിക് ഡ്രഗ്സ് അടക്കം മയക്കുമരുന്നുകളുമായി പിടിയിലായവർ എട്ടുപേരാണ്. പാലാരിവട്ടം തമ്മനം, എറണാകുളം നോർത്ത്, കടവന്ത്ര എന്നിവിടങ്ങളിലായിരുന്നു പരിശോധന. പിടിയിലായവർ കാസർകോട് തളങ്കര, എറണാകുളം നായരമ്പലം സ്വദേശികൾ. ഇത് രണ്ട് ദിവസത്തെ കണക്കാണെങ്കിൽ 'ഡ്രഗ് ഫ്രീ കൊച്ചി' കാമ്പയിനിെൻറ ഭാഗമായി കൊച്ചി പൊലീസ് കമീഷണറേറ്റ് പരിധിയിൽ ഈ വർഷം 368 കേസുകളിലായി പിടികൂടിയത് 406 പ്രതികളെയാണ്.
ഇവരിൽനിന്ന് കഞ്ചാവ് -26.34 കിലോ, എൽ.എസ്.ഡി സ്റ്റാമ്പ്- 733, ൈനട്രോസെപാം ഗുളിക -108, എം.ഡി.എം.എ - 116.59 ഗ്രാം, ഹഷിഷ് ഓയിൽ - 1.34 കിലോ, ഹഷിഷ് - അഞ്ച് ഗ്രാം, 8.04 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. കേരളത്തിൽ ആദ്യമായി 733 എണ്ണം എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒരുമിച്ച് പിടിച്ചെടുത്ത നഗരം എന്ന വിശേഷണവും ഇതിലൂടെ കൊച്ചിക്ക് സ്വന്തമായി.
മയക്കുമരുന്നുകളുടെ റൂട്ട് മാപ്
മയക്കുമരുന്നുകളുടെ വകഭേദങ്ങൾ ഇങ്ങനെയാണ് -ഉത്തേജകം (ഉദാ: കൊെക്കയ്ൻ), വേദന സംഹാരി (ഉദാ: ഹെറോയ്ൻ), വിഭ്രാത്മകം (ഉദാ: എൽ.എസ്.ഡി). കഞ്ചാവ് ആന്ധ്രപ്രദേശിൽ നിന്നാണെങ്കിൽ സിന്തെറ്റിക് ഡ്രഗ്സിൽ ഉൾപ്പെടുത്താവുന്ന എം.ഡി.എം.എയും എൽ.എസ്.ഡിയുമൊക്കെ കൊച്ചിയിൽ എത്തുന്നത് ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. പച്ചക്കറി ലോറികളിലൂടെയാണ് കഞ്ചാവ് കൂടുതൽ എത്തുന്നത്.
ഗോവയിൽനിന്ന് സിന്തറ്റിക് ഡ്രഗ്സുകൾ കൂടുതലായി എത്തുന്നത് കൊറിയർ ഏജൻസികളുടെ പാഴ്സൽ വണ്ടികളിൽ കയറ്റിയാണ്. അടുത്തിടെ എക്സൈസ് മലപ്പുറം ഇൻറലിജൻസ് ബ്യൂറോ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ ഇത്തരം ഒരു പാഴ്സൽ വണ്ടി പറവൂരിൽനിന്ന് ഡ്രഗ്സുമായി പിടികൂടി. ഗോവയിൽനിന്ന് വന്ന വണ്ടിയിൽ 25 എൽ.എസ്.ഡി സ്റ്റാമ്പും 100 എം.ഡി.എം.എ ഗുളികകളും ഉണ്ടായിരുന്നു. പുസ്തകം, ഡയറി, ആൽബം എന്നിവ നെടുകെ തുറന്നുവെച്ച് അതിെൻറ നടുവിൽ തുളയിട്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ അടുക്കായി വെച്ച് പൊതിയും. പ്ലാസ്റ്റിക് ആവരണമിട്ട് നൂറുകണക്കിന് ഡയറികൾ കൊണ്ടുവരുന്നതിെൻറ ഇടയിലാകും ഇത്തരം 'ഡ്രഗ്സ് ഡയറികൾ'. ആർക്കുമുണ്ടാകില്ല സംശയം.
ഇവയിലൊന്ന് പിടിച്ചതോടെ, പാഴ്സൽ വണ്ടികളിൽ മയക്കുമരുന്ന് വരവിെൻറ ഒരു റൂട്ട് പൊളിഞ്ഞു. എന്നാൽ, മയക്കുമരുന്ന് വരവിന് കാര്യമായി കുറവുണ്ടായില്ല. അതേകുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് ഡ്രഗ്സ് റൂട്ട് മാപ്പിെൻറ മറ്റനേകം വഴികൾ.
അതേക്കുറിച്ച് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.