വേഗത്തിൽ ജലയാത്ര; ജല മെട്രോ നീറ്റിലിറങ്ങുന്നു, ഇതുവരെ ചെലവായത് 145.22 കോടി
text_fieldsകൊച്ചി: വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ച് സർവിസ് ആരംഭിക്കുന്ന ജലമെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെലവഴിച്ചത് 145.22 കോടി രൂപ. നഗരത്തിലെ ജലഗതാഗത സംവിധാനത്തിന് മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിക്ക് ആകെ 747 കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്.
ബോട്ട്, ബോട്ട് ടെർമിനലുകൾ എന്നിവയുടെ നിർമാണം, സ്ഥലമെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും തുക ചെലവിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 19 ബോട്ട് ടെർമിനലുകളുടെ നിർമാണത്തിന് 15.44 കോടിയാണ് മുടക്കുന്നത്. രണ്ടാം ഘട്ടത്തിൽ വരുന്ന 20 ബോട്ടുജെട്ടികൾക്കായി 16.16 കോടിയുമാണ് ചെലവ്. ജർമൻ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവിൽനിന്ന് 579.71 കോടി ധനസഹാത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച ജലമെട്രോ സർവിസ് ഫെബ്രുവരി അവസാനത്തോടെ തുടങ്ങാനായേക്കും. ആദ്യം വൈറ്റില-കാക്കനാട് റൂട്ടിലാണ് സർവിസ് തുടങ്ങുന്നത്. ഒരു ബോട്ടായിരിക്കും ഇവിടെ സർവിസിനെത്തുക. പിന്നീട് നിർമാണം പൂർത്തീകരിക്കുന്നതിന് അനുസരിച്ച് മറ്റ് റൂട്ടുകളിലേക്ക് സർവിസ് വ്യാപിപ്പിക്കും.
ഹൈകോർട്ട്, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടിൽ തുടർന്ന് ജലമെട്രോയെത്തും. അതിനുശേഷം കടമക്കുടി, പാലിയംതുരുത്ത്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, കുമ്പളം, മുളവുകാട് നോർത്ത്, ഏലൂർ, എമ്പാർക്കേഷൻ െജട്ടി എന്നീ സ്ഥലങ്ങളടങ്ങുന്ന റൂട്ടിലേക്കുമെത്തും. 76 കിലോമീറ്റർ ദൈർഘ്യമുള്ള ജല മെട്രോ പാതയിൽ ആദ്യഘട്ടത്തിൽ 23 ബോട്ടുകളുണ്ടാകും. വൈറ്റില- കാക്കനാട് റൂട്ടിൽ 90 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.
കൊച്ചി കപ്പൽശാലയിൽ ബോട്ടുകളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. ദേശീയ ജലപാത 3-40 ശതമാനം, കൊച്ചി തുറമുഖ ജലപാത -33 ശതമാനം, ഇറിഗേഷൻ ഉൾനാടൻ പാതകൾ -20 ശതമാനം, മറ്റുള്ളവ -ഏഴ് ശതമാനം എന്നിങ്ങനെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ജലപാതകൾ. 8-12 നോട്ടിക്കൽ മൈൽ വേഗത്തിൽ ജലയാത്ര സാധ്യമാകുന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നഗരത്തിലെത്താൻ കൂടുതൽ സൗകര്യപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.