കൊച്ചി വാട്ടർ മെട്രോ പുതുവർഷത്തിൽ യാത്ര തുടങ്ങും
text_fieldsകൊച്ചി: ജനുവരിയിൽ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജങ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിങ്ങളിലെ ടെർമിനലുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ബോൾഗാട്ടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെൻഡർ നടപടികൾ പൂർത്തിയായി.
കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോക്കും നിർമ്മിക്കുന്നത്. ടിക്കറ്റിങ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും.
ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പിന് അനുസരിച്ച് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിർമ്മാണം. ഇത് വേലിയേറ്റ വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും. മൂന്ന് വീൽചെയറുകൾ വരെ ഒരേ സമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിർമ്മാണം.
ആദ്യ ബോട്ട് കൊച്ചി കപ്പൽശാല ഡിസംബറിൽ നിർമ്മിച്ച് നൽകും. 100 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. അടുത്ത നാല് ബോട്ടുകൾ മാർച്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറും. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും സർവീസ് നടത്തും. അലുമിനിയമാണ് ബോഡി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം എട്ട് ബോട്ടുകൾക്ക് വരെ റിപ്പയർ ചെയ്യാവുന്ന ബോട്ട്‌യാഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾക്കാവശ്യമായ സർക്കാർ ഭൂമി ലഭ്യമാക്കി. സ്വകാര്യ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. വൈപ്പിൻ, വെല്ലിങ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവ്കാട് തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് വാട്ടർ മെട്രോ പരിഹാരമാവും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും.15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ഉള്ളത്. 678 കോടി മുതൽ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തുടക്കത്തിൽ ഒരു ബോട്ട് സർവീസ് നടത്തുകയും ഘട്ടംഘട്ടമായി കൂടുതൽ ബോട്ടുകൾ ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.