അതിജീവന വഴിയിൽ ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര ദ്വീപ് നിവാസികൾ
text_fieldsആലുവ: ഭീതി പരത്തി കോവിഡ് നാടാകെ വ്യാപിക്കുമ്പോഴും അതിജീവന വഴിയിൽ മുന്നേറുകയാണ് ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര ദ്വീപ്. കക്ഷി, രാഷ്ട്രീയ, ജാതിമതഭേദമന്യേ ദുരിതത്തെ നേരിടാൻ ഒറ്റക്കെട്ടായ പ്രവർത്തനമാണ് നാട്ടുകാരുടേത്. യുവാക്കളടക്കമുള്ള ദുരന്ത നിവാരണ സമിതി നേതൃത്വത്തിലാണ് ജനക്ഷേമ പ്രവർത്തനങ്ങൾ.
ആലുവ മേഖലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് മാർക്കറ്റ് കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കുന്ന ദ്വീപ് നിവാസിക്കാണ്. തൊട്ടുപിന്നാലെ മറ്റു പലർക്കും രോഗം കണ്ടെത്തി. ഇതോടെ ദ്വീപ് പൂർണമായി അടച്ചു. ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ആലുവ നഗരവും മാർക്കറ്റും അടച്ചതോടെ ജനം കൂടുതൽ ദുരിതത്തിലായി. എന്നാൽ, ദുരന്ത നിവാരണ സമിതി അംഗങ്ങൾ രാപകൽ ഭേദമന്യേ ജനസേവനത്തിന് ഇറങ്ങിയതോടെ ജനങ്ങൾക്ക് ആശ്വാസമാകുകയായിരുന്നു.
മരുന്ന് ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ആളുകൾക്ക് ലഭിക്കുന്നത് സന്നദ്ധ പ്രവർത്തകർ വഴിയാണ്. നിത്യേന 30ഓളം പേർക്ക് മരുന്ന് എത്തിക്കുന്നു. ക്വാറൻറീനിലുള്ളവർക്കും സന്നദ്ധ പ്രവർത്തകർ സഹായം നൽകുന്നു.
വാർഡിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോടെ പ്രദേശത്തെ ചെറുകിട കടകൾ അടച്ചിടാൻ കച്ചവടക്കാർ നിർബന്ധിതരായി. വാർഡ് അംഗം കെ.എ. ഷുഹൈബ് മുൻകൈയെടുത്ത് സുമനസ്സുകളുടെ സഹായത്തോടെ വീടുകളിൽ പച്ചക്കറി-പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു.
കോവിഡ് ഭേദമായി വീട്ടിൽ തിരിച്ചെത്തിയയാൾക്ക് കഴിഞ്ഞദിവസം സ്വീകരണം നൽകി. ദുരന്ത നിവാരണ സമിതി നേതൃത്വത്തിലാണ് ദ്വീപിെൻറ പ്രവേശന ഭാഗത്ത് റോഡിെൻറ ഇരുവശത്തുമായിനിന്ന് കാറിനകത്ത് ഉണ്ടായിരുന്നവർക്ക് അഭിവാദ്യമർപ്പിച്ചത്.
ദ്വീപുകാരായ ഒട്ടേറെപ്പേര്‍ ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വീട്ടിൽനിന്ന് എത്തിക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പൊലീസ് പാസ് അനുവദിക്കാതിരുന്നാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.