വെള്ളക്കെട്ട്: കലക്ടറോടും നഗരസഭയോടും ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ബുധനാഴ്ചത്തെ കനത്ത മഴയിൽ െകാച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ ജില്ല കലക്ടറോടും നഗരസഭയോടും ഹൈകോടതി വിശദീകരണം തേടി. കലക്ടറും കൊച്ചി കോർപറേഷൻ സെക്രട്ടറിയും റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാൽ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഒാരോ തവണ ഹരജി പരിഗണിക്കുമ്പോഴും വെള്ളക്കെട്ട് ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല ഭരണകൂടവും നഗരസഭയും പറഞ്ഞുകൊണ്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് വ്യക്തമായതായി കോടതി വിമർശിച്ചു.
പനമ്പിള്ളിനഗർ, കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡ്, എം.ജി റോഡിൽ കവിത മുതൽ പത്മ വരെ, ജോസ് ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായിരുന്നു. കാരിക്കാമുറി, കെ.എസ്.ആർ.ടി.സി, സൗത്ത് റെയിൽവേ സ്റ്റേഷൻ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മുല്ലശ്ശേരി കനാലിെൻറ അശാസ്ത്രീയ ചരിവ് മൂലമാണ് നഗരത്തിെൻറ കിഴക്കൻ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് രണ്ടുവർഷം മുമ്പ് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പടിഞ്ഞാറോട്ട് ചരിക്കേണ്ടിയിരുന്ന കനാൽ കിഴക്കോട്ട് ചരിച്ച് നിർമിച്ചതിനാൽ പേരണ്ടൂർ കനാലിെൻറ ഭാഗത്തേക്കാണ് ഒഴുക്കെന്നും റെയിൽവേ ലൈൻ നിമിത്തം പേരണ്ടൂർ കനാലിലെ ഒഴുക്ക് തടസ്സപ്പെടുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ കോടതി നിർദേശിച്ചു.
ഇത് നഗരസഭയുടെ ജോലിയാണെങ്കിലും അവരെക്കൊണ്ട് കഴിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം ജില്ല ഭരണകൂടം ജോലികൾ ഏറ്റെടുത്ത് നടപ്പാക്കാനും കോടതി ഉത്തരവിലൂടെ നിർദേശിച്ചു.
പി ആൻഡ് ടി കോളനിക്കാരെ ഫോർട്ട്കൊച്ചി രാമേശ്വരം വില്ലേജിലെ 70 സെൻറ് സ്ഥലത്ത് മാറ്റിപാർപ്പിക്കാൻ സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ നടപടി തുടങ്ങിയിരുന്നെങ്കിലും ഇത് നടപ്പായില്ലെന്ന് ഹരജിക്കാർ ഉപഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ പി ആൻഡ് ടി കോളനിയിൽ വെള്ളം കയറി ജനങ്ങൾ ഭീതിയിലാെണന്ന് കോടതിയും നിരീക്ഷിച്ചു. പി ആൻഡ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടി. ഈ ആവശ്യം അനുവദിച്ചാണ് കേസ് ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കാൻ മാറ്റിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.