ഉരുളൻതണ്ണിയിൽ തോട് കരകവിഞ്ഞു; ആദിവാസി മേഖല ഒറ്റപ്പെട്ടു
text_fieldsകോതമംഗലം (എറണാകുളം): കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ തോട് കരകവിഞ്ഞ് ഉരുളൻതണ്ണി കവല, മൂന്നാംബ്ലോക്ക്, ആറാംബ്ലോക്ക്, അദിവാസി മേഖലയായ പന്തപ്ര, മാമലക്കണ്ടം, പിണവൂർകുടി എന്നിവിടങ്ങളിലെ റോഡിലും വീടുകളിലും വെള്ളം കയറി. ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. ഗതാഗതം പൂർണമായും സ്തംഭിച്ചു.
രാവിലെ ആരംഭിച്ച ശക്തമായ മഴയെത്തുടർന്ന് വൈകീട്ടോടെയാണ് ഇവിടെ വെള്ളം കയറിയത്. തോടിന് കുറുകെ അശാസ്ത്രീയമായി നിർമിച്ച തടയണയാണ് വേഗത്തിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ വീടുകളിൽ കുടുങ്ങി.
പൂയംകൂട്ടി ആറിലേക്ക് ഒഴുകിയെത്തുന്ന ആനന്ദൻകുടി തോട്ടിൽ വെള്ളം വൻതോതിൽ ഉയർന്നതോടെ മൂന്ന് വീടുകൾ വെള്ളത്തിൽ മുങ്ങി. വീട്ടുസാധങ്ങൾ ഒഴുകിപ്പോെയങ്കിലും വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി. പിണവൂർകുടി ആനന്ദൻകുടിയിൽ താമസക്കാരായ പൂവത്താനിക്കൽ ഹനീഷ്, കാക്കുകുടിയിൽ ഷാജി, കള്ളപ്ലാക്കൽ ശശി എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്.
പിണവൂർകുടിയിൽ താമസക്കാരായ വെള്ളക്കണ്ണി ചന്ദ്രൻ, നിർമല രാജൻ, സനീഷ് നെല്ലിക്കാനത്തിൽ, സരോജനി കടുന്തൻ, കുമാരി രാജൻ എന്നിവരുടെ വീടുകളിലും തോട്ടിൽനിന്ന് വെള്ളം കയറി. താളുംകണ്ടത്ത് കുടുങ്ങിയ വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കാനെത്തിയ കോതമംഗലം അഗ്നിരക്ഷസേനയിലെ സ്കൂബ ടീമിെൻറ വാഹനം മൂന്നാംബ്ലോക്കിൽ വെള്ളത്തിൽ കുടുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.