മൂവാറ്റുപുഴയിൽ കോവിഡ് വ്യാപനമെന്ന് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ സന്ദേശം നൽകി ജനങ്ങളെ പരിഭ്രാന്തരാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിൻ ജോസിനെയാണ് (25) മൂവാറ്റുപുഴ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
വ്യാജ പ്രചരണത്തെ തുടർന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ നിശ്ചയങ്ങളടക്കമുള്ള നിരവധി ചടങ്ങുകൾ മാറ്റിവച്ചു. ജനങ്ങൾ പരിഭ്രാന്തരായി പോലീസിലും, മാധ്യമ സ്ഥാപനങ്ങളിലുമടക്കം വിളിച്ച് നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു.
പലരും വീടുകളിൽ നിരീക്ഷണത്തിൽ പോയ സ്ഥിതിയുണ്ടായി. ഡൽഹിയിൽ നിന്നെത്തിയ യുവതിക്ക് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജിബിൻ ജോസ് സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു.
യുവതി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് ഹോട്ടലുകളിലും, ബേക്കറികളിലും, തുണിക്കടകളിലും കയറിയിറങ്ങി എന്ന തരത്തിലായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. നഗരത്തിലെ ഒട്ടു മിക്ക സ്ഥാപനങ്ങളുടെയും പേര് സഹിതം ഇവിടങ്ങളിൽ കയറിയിറങ്ങി എന്ന രീതിയിലായിരുന്നു പ്രചരണം.
വ്യാജവാർത്ത ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പരന്നതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ നടക്കേണ്ട കുട്ടികളുടെ 28 കെട്ട്, വിവാഹ നിശ്ചയം, മരണാനന്തര ചടങ്ങുകൾ എന്നിവ മാറ്റി െവച്ചിരുന്നു.
നഗരത്തിലെ വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെയുള്ള പ്രധാന സ്ഥാപനങ്ങളുടെയെല്ലാം പേരുകൾ സഹിതം ഇവിടങ്ങളിൽ യുവതി സന്ദർശിച്ചുവെന്നും ഷോപ്പിങ് നടത്തിയെന്നും ഭക്ഷണം കഴിച്ചുവെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണം.
പ്രചരണത്തെ തുടർന്ന് പല സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ യുവതിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ക്വറൈൻറൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഇവർക്ക് രോഗം കണ്ടെത്തുകയും ചെയ്തു. മൂവാറ്റുപുഴ താലൂക്കിലെ ഒരു പ്രദേശത്തുള്ള യുവതി ഇതോടെ ചികിത്സയിൽ കഴിയുകയായിരുന്നു. പുറത്തു പോലും ഇറങ്ങാതെ ചികിത്സയിൽ കഴിയുന്നയാളെ കുറിച്ചാണ് യുവാവ് വ്യാജവാർത്ത പ്രചരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.