ബ്രഹ്മപുരം പ്ലാന്റിലെ കനൽ ഇനി കൊച്ചി കോർപറേഷനിൽ പുകയും
text_fieldsകൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീയും പുകയും അണഞ്ഞുകൊണ്ടിരിക്കെ അതിന്റെ കനൽ കൊച്ചി കോർപറേഷൻ കൗൺസിലിലേക്ക് വ്യാപിക്കുന്നു. കോർപറേഷനിൽ ഇനിയുള്ള നാളുകളിൽ അത് കത്തിപ്പടരും. അതിന്റെ തുടക്കമാണ് തിങ്കളാഴ്ച കോർപറേഷൻ അങ്കണത്തിൽ ദൃശ്യമായത്.
ബ്രഹ്മപുരത്തെക്കുറിച്ച് മാത്രം ചർച്ചചെയ്യാൻ കൗൺസിൽ ചേരണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. എന്നാൽ, അത് ഈ കൗൺസിൽ അധികാരത്തിലേറിയതിൽ പിന്നെ നടന്നിട്ടില്ല.
ബ്രഹ്മപുരം ബയോമൈനിങ് കരാറുകാരുടെ കാര്യത്തിൽ മേയർ കാഴ്ചക്കാരനാണെന്ന ആക്ഷേപം നേരത്തേതന്നെയുണ്ട്. ബ്രഹ്മപുരത്തെ പ്രശ്നങ്ങളുടെ പരിഹാരവും നിലപാടുമെല്ലാം ആരോഗ്യ സ്ഥിരംസമിതിക്ക് വിട്ട് പലപ്പോഴും മേയർ കൈകഴുകുകയാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിലും മേയർക്കെതിരെ അമർശമുണ്ട്.
ബ്രഹ്മപുരത്തെ കരാറുകാരായ സോണ്ട ഇൻഫ്രാടെക്കിനെ സംരക്ഷിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് മാത്രമല്ല യു.ഡി.എഫും ആരോപണ നിഴലിലാണ്. സോണ്ടയുമായുള്ള കരാറിൽ ക്രമക്കേടുണ്ടെന്നകാര്യം രഹസ്യമായി എൽ.ഡി.എഫ് കൗൺസിലർമാർ തന്നെ സമ്മതിക്കുന്നുണ്ട്.
ബ്രഹ്മപുരത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടക്കുന്നതായി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത ഡിക്സൺ ഒരുമാസം മുമ്പ് കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. യു.ഡി.എഫിലെ ആർ.എസ്.പി കൗൺസിലറായ സുനിത ഇപ്പോൾ ഇരുമുന്നണികളുമായി അകന്നാണ് നിലകൊള്ളുന്നത്. ഇരുമുന്നണികളിലുള്ളവരും ബ്രഹ്മപുരം പ്ലാന്റിന്റെ കാര്യത്തിൽ പ്രതിപ്പട്ടികയിലാണെന്ന് സുനിത പറയുന്നു.
ബ്രഹ്മപുരത്ത് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം എങ്ങനെയെത്തി എന്നത് സംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിക്കും. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ 2012മുതൽ ഭാരത് ട്രേഡേഴ്സ് എന്ന കമ്പനിയുമായി കൊച്ചി കോർപറേഷന് കരാറുണ്ട്.
ഇവർ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ചിലപ്പോഴെങ്കിലും ശേഖരിക്കുന്നുമുണ്ട്. എന്നാൽ, അത് എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നത് സംബന്ധിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ഭാരത് ട്രേഡേഴ്സ് സംഭരിക്കുന്ന തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യമല്ല ബ്രഹ്മപുരത്ത് എത്തുന്നതെന്നും ബെഡ്, ചെരിപ്പ്, ബാഗ്, പ്ലാസ്റ്റിക് കിറ്റുകൾ എന്നിവയാണ് കൂടുതലായി എത്തുന്നതെന്നുമാണ് ഇതേക്കുറിച്ച് കഴിഞ്ഞദിവസം മേയർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.