കൊച്ചുവേളി-ബാനസ്വാഡി ഹംസഫർ ആഴ്ചയിൽ രണ്ട് ദിവസമാവുന്നു
text_fieldsതൃശൂർ: തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം കൊച്ചുവേളി-ബനാസ്വാഡി ഹംസഫർ എക്സ്പ്രസായി ഓടുമെന്ന് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ശിശിർകുമാർ സിൻഹ ഡിവിഷനൽ ഉപദേശക സമിതി യോഗത്തിൽ അറിയിച്ചു. 2014ലെ ബജറ്റിൽ അനുവദിച്ച ട്രെയിനാണിത്. ഇതിന് വേണ്ട റെയ്ക്ക് എത്തി. സർവിസ് വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
ബൈപ്പനഹള്ളി സ്റ്റേഷൻ വികസനം പൂർത്തിയാവുമ്പോൾ സർവിസ് അവിടേക്ക് ദീർഘിപ്പിക്കും. കേരളത്തിലെ ഹ്രസ്വദൂര യാത്രക്കാരുടെ സൗകര്യാർഥം 22 തീവണ്ടികളിലായി 65 കോച്ചുകൾ ഡീ-റിസർവ്ഡ് ആയി പ്രഖ്യാപിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസിൽ ആലപ്പുഴ മുതൽ തൃശൂർ വരെ രണ്ടും ചെന്നൈ- ആലപ്പുഴയിൽ തൃശൂർ മുതൽ ആലപ്പുഴ വരെ മൂന്നും മംഗള എക്സ്പ്രസിൽ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ഇരുദിശകളിലും മൂന്നും വീതം കോച്ചുകൾ ഇതിലുൾപ്പെടുന്നുണ്ട്. ഹാതി, ഗാന്ധിധാം ഹംസഫർ എക്സ്പ്രസുകൾക്ക് തൃശൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ശിപാർശ റെയിൽവേ ബോർഡിെൻറ പരിഗണനയിലാണ്.
തൃശൂർ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ഇലക്ട്രോണിക് കോച്ച് ഇൻഡികേഷൻ ബോർഡ് ഈ വർഷം അവസാനത്തോടെ സ്ഥാപിക്കും. വീതി കൂട്ടിയ നടപ്പാലം രണ്ടാം പ്രവേശന കവാടത്തിലേക്ക് നീട്ടാനുള്ള ടെൻഡറിനും ഉടൻ നടപടിയാവും. അടുത്ത ആഗസ്റ്റോടെ നടപ്പാലം നിർമാണം പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.