കുഴൽപണ കവർച്ച കേസ്: ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷനെ ചോദ്യം ചെയ്യും; ജനറൽ സെക്രട്ടറിക്കെതിരെ കേസ്
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ കെ.കെ. അനീഷ്കുമാറിനെ ചോദ്യം ചെയ്യും. ബുധനാഴ്ച 10ന് ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. കേസിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന സ്ഥിരീകരണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. പണം ബി.ജെ.പിയുടേതാണെന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിെൻറ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. ബി.ജെ.പിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ധർമരാജ് പൊലീസിനോട് പറഞ്ഞത്.
ധർമരാജിനെ ബി.ജെ.പി നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഘടന സെക്രട്ടറി എം. ഗണേശൻ, മധ്യമേഖല സെക്രട്ടറി ജി. കാശിനാഥൻ, ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്ത, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ പണവുമായി ബന്ധമില്ലെന്നും തെരഞ്ഞെടുപ്പ് സാമഗ്രി വിതരണവുമായി ബന്ധപ്പെട്ടാണ് സംസാരമെന്നുമാണ് മൊഴി നൽകിയത്. എന്നാൽ ധർമരാജിന് ബി.ജെ.പിയിൽ ഒരു പദവിയും ഇല്ലെന്നും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സംസ്ഥാന നേതാക്കളുടെ മൊഴി തെറ്റാണെന്ന് സ്ഥിരീകരിച്ചു.
ജില്ല നേതാക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബിൽ എത്തിച്ചത് ജില്ല പ്രസിഡൻറ് അനീഷ്കുമാർ ആയിരുന്നു. കുന്നംകുളത്ത് സ്ഥാനാർഥിയായിരുന്ന അനീഷ് ഏപ്രിൽ രണ്ടിന് രാത്രി തൃശൂരിൽ എത്തിയതിെൻറ തെളിവുകൾ ലഭിച്ചു. അതിനിടെ, കവർന്ന പണം കണ്ടെത്താൻ ചൊവ്വാഴ്ചയും പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. ഇതുവരെ 1.28 കോടി രൂപയാണ് കണ്ടെടുത്തത്. സ്ത്രീയുൾപ്പെടെ 20 പേരാണ് അറസ്റ്റിലായത്.
അതിനിടെ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് റിഷി പൽപ്പുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിക്കെതിരെ കേസെടുത്തു. കുഴൽപണ കേസിൽ ബി.ജെ.പി നേതൃത്വത്തെ വിമർശിച്ചതിനെ തുടർന്നായിരുന്നു ഭീഷണി. തൃശൂർ വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. വധഭീഷണിമുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. പരാതി നൽകിയതിന് പിന്നാലെ റിഷിയെ ബി.ജെ.പി സസ്പെൻഡ് െചയ്തിരുന്നു.
അതിനിടെ, സമൂഹമാധ്യമത്തിൽ കലാപത്തിന് ശ്രമിച്ചുവെന്നും പാർട്ടി നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് റിഷിക്കെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.