കുഴൽപണം: സുനിൽ നായിക്കിന് കെ. സുരേന്ദ്രനുമായി അടുത്തബന്ധം; 'ഹാൻസ്' വിഡിയോയിയിൽ ഒപ്പമുള്ളത് സുനിൽ
text_fieldsതൃശൂർ: ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ കുഴൽപണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത ബി.ജെ.പി നേതാവ് സുനിൽ നായിക്കിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനുമായി അടുത്ത ബന്ധം. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റായ കാലത്ത് സുനിൽനായിക് ട്രഷററായിരുന്നു. പിന്നീട് യുവമോർച്ച ദേശീയസമിതിയിൽ അംഗമായി. ഇത് ദേശീയ നേതാക്കളുമായി ബന്ധം വളരാൻ കാരണമായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായും ബന്ധമുണ്ട്. ഇവരോെടാപ്പമുള്ള ചിത്രങ്ങളും സുനിൽനായിക് ഫേസ്ബുക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
അതിനിടെ, ശബരിമല സമരകാലത്ത് കെ. സുരേന്ദ്രൻ ഹാൻസ് ഉപയോഗിച്ചുവെന്ന വിവാദത്തിൽ സുരേന്ദ്രന് ഒപ്പം സുനിൽ നായിക് ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാൻസാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രനു കൈമാറിയത് സുനിൽനായിക്കാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കോഴിക്കോടുനിന്നു കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന 3.5 കോടി രൂപയുടെ കുഴൽപണമാണ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് കവർന്നത്. പണം കൊണ്ടുവരുന്നതിന്‍റെ ചുമതല ആർ.എസ്.എസ് പ്രവർത്തകനായ ധർമരാജനായിരുന്നു. കുഴൽപ്പണം കടത്തിയതിലും കൊള്ളയടിച്ചതിലും ആർ.എസ്.എസ്, ബിജെപി നേതാക്കൾക്ക് ബന്ധമുള്ളതായി കഴിഞ്ഞദിവസം തൃശൂർ എസ്പി ജി. പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു. ധർമരാജന് 3.5 കോടി നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നാണ് െപാലീസ് പറഞ്ഞത്.
കൊടകര സംഭവത്തിൽ തനിക്ക് പണം നൽകിയത് സുനിൽ നായിക്കാണെന്ന് പരാതിക്കാരൻ ധർമരാജൻ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സുനിൽനായിക്കിന്‍റെ മൊഴിയെടുത്തത്.
അതിനിടെ, കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ സുനിൽ സജീവമായി രംഗത്തുണ്ടായിരുന്നതിന്‍റെ തെളിവുകകളും പുറത്തുവന്നു. കഴിഞ്ഞ തവണ കെ. സുരേന്ദ്രന്‍റെ അപരനായി മത്സരിച്ച കെ. സുന്ദര എന്നയാൾ ഇത്തവണ ബി.എസ്.പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ, ബി.ജെ.പി നേതാക്കൾ സുന്ദരയെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തി. ഇയാളെ ഫോണിൽ പോലും ലഭിക്കുന്നില്ലെന്നു ബി.എസ്.പി ജില്ല പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞിരുന്നു. ഒടുവിൽ സുന്ദര മത്സരരംഗത്തുനിന്ന് പിൻമാറി. സുന്ദര പത്രിക പിന്‍വലിച്ച് കുടുംബസമേതം ബിജെപിയിൽ ചേർന്നുവെന്ന് സുനിൽനായിക് അടക്കമുള്ള ബിജെപി നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. സുന്ദരയെ വീട്ടിൽ സന്ദർശിച്ച ചിത്രം സുനിൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
ധർമരാജനുമായി വർഷങ്ങളായുള്ള ബിസിനസ് പങ്കാളിത്തം ഉെണ്ടന്നാണ് സുനിൽ നായിക് പൊലീസിനോട് പറഞ്ഞത്. താൻ ധർമ്മരാജന് നൽകിയത് 25 ലക്ഷം രൂപ മാത്രമാണെന്നും ഇയാൾ പറഞ്ഞു. 25ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധർമ്മരാജനും ഡ്രൈവർ ഷംജീറും പരാതിപ്പെട്ടത്. എന്നാൽ, ഇതിനേക്കാൾ അധികം തുക കേസിലെ ഒമ്പാതാംപ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽ പണം കടത്തിയിരുന്നെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത വന്നത്. ധർമരാജന്‍റെയും സുനിലിന്‍റെയും മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി നിലവിൽ റിമാൻഡിലുള്ള ബിജെപി പ്രവർത്തകൻ ദീപക് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
അതിനിടെ, യുവമോർച്ചയുടെയും ബിജെപിയുടെയും ഭാരവാഹിത്വത്തിലുണ്ടായിരുന്ന തനിക്ക് ഇപ്പോൾ പാർട്ടിയിൽ മിസ്ഡ് കോൾ അംഗത്വം മാത്രമാണുള്ളതെന്ന് സുനിൽ നായിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.