കൊടകര കുഴൽപണ കവർച്ച: ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്ന് ഒമ്പതു ലക്ഷം കണ്ടെടുത്തു
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിലെ ആറാം പ്രതിയുടെ വീട്ടിൽ നിന്ന് ഒമ്പതു ലക്ഷം കണ്ടെടുത്തു. പ്രതി മാർട്ടിന്റെ തൃശൂർ വെള്ളാങ്ങന്നൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. മെറ്റലിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.
കവർച്ചക്ക് ശേഷം മാർട്ടിൻ ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, നാലു ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടുണ്ട്.
കവർച്ച നടത്തിയ മൂന്നര കോടിയിൽ ഒരു കോടിയിലധികം രൂപ വരെ ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം, കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തയെ ഇന്ന് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിൽവെച്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
ധർമരാജുമായി കെ.ജി. കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചതിന്റെയും കവർച്ച നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി.ജെ.പി സംഘടന സെക്രട്ടറി ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവർ ഇന്ന് ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആർ.എസ്.എസ് നേതൃത്വം നിർദേശിച്ചുവെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.