കുഴൽപണക്കേസ്: കവർച്ചക്കുശേഷം ധർമരാജ് വിളിച്ചത് ഏഴ് ബി.ജെ.പി നേതാക്കളെ, ആദ്യം വിളിച്ചവരിൽ കെ. സുരേന്ദ്രന്റെ മകനും
text_fieldsതൃശൂർ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പണം കൊണ്ടുവന്ന ധർമരാജിെൻറ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ കവർച്ചക്കുശേഷം ഏഴ് ബി.ജെ.പി നേതാക്കളെ വിളിച്ചതായി തെളിവ് ലഭിച്ചു. ആരോപണ വിധേയനായ ഒരു ജില്ല നേതാവൊഴികെ ബാക്കിയുള്ളവരെല്ലാം സംസ്ഥാനത്തെ ഉന്നത നേതാക്കളാണ്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ മകനുമായും ധർമരാജ് ഫോണിൽ സംസാരിച്ചതായി കണ്ടെത്തി.
ഏപ്രിൽ മൂന്നിന് പുലർച്ച 4.40ന് ദേശീയപാതയിൽ കൊടകര മേൽപാലത്തിന് സമീപത്താണ് പണം കടത്തിയ കാറിൽ മറ്റൊരു വാഹനമിടിപ്പിച്ച് പണം കവർന്നത്. ഉടൻ തന്നെ ധർമരാജ് വിളിച്ചത് തൃശൂർ ജില്ലയിൽതന്നെയുള്ള സംസ്ഥാന നേതാവിനെയാണ്. അദ്ദേഹം ഫോൺ എടുത്തില്ല. തുടർന്നാണ് മറ്റ് നേതാക്കളെ ബന്ധപ്പെട്ടത്. ഏഴ് നേതാക്കളുമായി സംസാരിച്ചു. കെ. സുരേന്ദ്രെൻറ മകൻ ഹരികൃഷ്ണെൻറ നമ്പറിൽ 24 സെക്കൻഡാണ് സംഭാഷണം നീണ്ടുനിന്നത്. മറ്റ് നേതാക്കളുമായി 30 സെക്കൻഡിനടുത്ത് നീണ്ടു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു ധര്‍മരാജിെൻറ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന് മാത്രമാണ് ധർമരാജുമായി ബന്ധപ്പെട്ടതെന്ന ബി.ജെ.പി നേതാക്കളുടെ വാദമാണ് ഇതോടെ പൊളിയുന്നത്.
പണം നഷ്ടപ്പെട്ട ഏപ്രിൽ മൂന്നിന് പുലർച്ച ധർമരാജ് ഫോണിൽ ബന്ധപ്പെട്ടതിന് കെ. സുരേന്ദ്രെൻറ മകനടക്കമുള്ളവര്‍ പൊലീസിന് വിശദീകരണം നൽകേണ്ടി വരും. സുരേന്ദ്രെൻറ മകനുമായി ധർമരാജ് കോന്നിയിൽ കൂടിക്കാഴ്ച നടത്തിയതിനുള്ള തെളിവ് പൊലീസിന് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കവർച്ചക്ക് പിന്നിൽ ക്വട്ടേഷൻ സംഘം മാത്രമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. ഉന്നത ബന്ധങ്ങളുള്ള സാഹചര്യത്തിൽ ക്വട്ടേഷൻ സംഘങ്ങളിൽ മാത്രമൊതുക്കാവുന്നതല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് പണം കൈമാറിയത് സുനിൽ നായിക്കാണെന്നത് സ്ഥിരീകരിച്ചതോടെ ഇയാളെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേതാക്കളുടെ മൊഴികളുടെ പരിശോധന അന്തിമഘട്ടത്തിലാണ്. വിശ്വസനീയമല്ല പലതുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കെ. സുരേന്ദ്രനെയും മകൻ ഹരികൃഷ്ണനെയും ചോദ്യം ചെയ്യുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.