കൊടകര കുഴൽപ്പണക്കേസ്; പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസ് അന്വേഷിക്കാൻ എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഐസക് വർഗീസാണ് ഹരജി നൽകിയത്.
ഏപ്രിൽ മൂന്നിന് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കാറിൽ കൊണ്ടുവന്ന പണം ഒരുസംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസെന്ന് ഹരജിയിൽ പറയുന്നു. 25 ലക്ഷം തട്ടിയെടുത്തെന്നാണ് ഡ്രൈവറുടെ മൊഴിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ 3.5 കോടി രൂപയുടെ കള്ളപ്പണമാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായവരിൽനിന്ന് തൊണ്ടിമുതലിന്റെ ഒരു പങ്ക് കണ്ടെത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന് ആരോപണമുണ്ടെന്നും ബി.ജെ.പി സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എം. ഗണേഷിനെയും ചില പ്രാദേശിക നേതാക്കളെയും ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഹെലികോപ്ടർ മുഖേനയും കള്ളപ്പണം കൈമാറിയിട്ടുണ്ട്. ഇപാടിനെക്കുറിച്ച് ഒരു വനിത നേതാവിെൻറ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.