കൊടകര കുഴൽപണക്കേസ്: 10 പ്രതികൾക്ക് ഹൈകോടതി ജാമ്യം
text_fieldsകൊച്ചി: കൊടകര കുഴൽപണക്കേസിലെ 10 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കോടതിയിൽ ഹാജരാകാനല്ലാതെ തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം ഉപാധികളോടെയാണ് തലശ്ശേരി സ്വദേശി സുജീഷ്, ചാലക്കുടി സ്വദേശിനി ദീപ്തി, തൃശൂർ സ്വദേശികളായ അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്ദുൽ ഷഹീദ്, മലപ്പുറം സ്വദേശികളായ അബ്ദുൽ ബഷീർ, സുൽഫിക്കർ അലി, കോഴിക്കോട് സ്വദേശി അബ്ദുൽ റഷീദ് എന്നിവർക്ക് ജസ്റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്. കുറ്റപത്രം നൽകുകയും ഉടൻ വിചാരണ തുടങ്ങാൻ സാധ്യതയില്ലാത്തതുമായ സാഹചര്യത്തിൽ പ്രതികളെ അനന്തമായി തടവിൽ വെക്കുന്നത് പൊതുനയത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മറ്റൊരു പ്രധാന വ്യവസ്ഥ.
ഏപ്രിൽ മൂന്നിന് പുലർച്ച ദേശീയപാതയിലെ തൃശൂർ കൊടകരയിൽ കോഴിക്കോട് സ്വദേശി ധർമജെൻറ കാർ തടഞ്ഞുനിർത്തി പണം കവർന്നതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് ഹരജിക്കാർ. രണ്ട് പ്രമുഖകക്ഷികളുടെ രാഷ്ട്രീയതന്ത്രമാണ് കേസെന്നും സത്യം പുറത്തുകൊണ്ടുവരാൻ ഇവർക്ക് താൽപര്യമില്ലെന്നും ഹരജിക്കാരിൽ ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇടക്കാല റിപ്പോർട്ടാണ് നൽകിയതെന്നും തുടരന്വേഷണം ഉണ്ടോയെന്ന് പറയാനാവില്ലെന്നും സർക്കാർ അറിയിച്ചു. വിചാരണക്ക് പ്രത്യേക കോടതി രൂപവത്കരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സർക്കാറിനുവേണ്ടി അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ അറിയിച്ചു.
കുഴൽപണക്കേസിലെ അന്വേഷണം കടന്നൽക്കൂട് തുറന്നപോലെ ഒരുപാടു പ്രശ്നങ്ങളെ പുറത്തുകൊണ്ടുവന്നതായി കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. സംസ്ഥാനത്തിന് അത്ര പരിചിതമല്ലാത്ത ദേശീയപാതയിലെ കൊള്ളയാണ് നടന്നത്. കൊടകര സ്റ്റേഷെൻറ ഒരുവിളിപ്പാടകലെയാണ് സംഭവം നടന്നതെങ്കിലും പൊലീസ് ജാഗ്രത കാട്ടിയില്ല. 3.5 കോടി രൂപയിലേറെയും ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് മാത്രമല്ല, കുറച്ചു പണവും കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. 22 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകി. സെഷൻസ് കോടതികളിൽ ജോലിഭാരം കൂടുതലായതിനാൽ സമീപ ഭാവിയിലൊന്നും കേസിെൻറ വിചാരണ തുടങ്ങാനിടയില്ല. പ്രതികളെ അനന്തമായി തടവിൽ വെക്കാനുമാവില്ല. ഈ സാഹചര്യത്തിൽ വലിയ കുറ്റകൃത്യമാണെങ്കിലും പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.