കുഴൽപണ കേസ് ഒത്തുതീർപ്പിലേക്കെന്ന് വി.ഡി. സതീശൻ; സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നടക്കുന്നത് സർക്കസിലെ തല്ല്
text_fieldsതിരുവനന്തപുരം: കൊടകര കുഴൽപണ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന, സി.പി.എം നേതാക്കൾ ഉൾപ്പെട്ട കേസുകളും ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കൊടകര കേസും പരസ്പരം ഒത്തുതീർക്കാൻ ശ്രമം നടക്കുകയാണ്. ഇതിനായി ചില ഇടനിലക്കാർ രംഗപ്രവേശനം ചെയ്തുവെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കാൻ നടത്തിയ ഗുരുതരമായ കേസാണ് കൊടകര കുഴൽപണ കേസ്. കണക്കില്ലാത്ത പണത്തിന്‍റെ സ്രോതസ് അറിയാനുള്ള അന്വേഷണം മന്ദഗതിയിലാണ്. 25 ലക്ഷം കവർന്നുവെന്നാണ് പരാതിപ്പെട്ടത്. മൂന്നരക്കോടിയെന്ന് പിന്നീട് തെളിഞ്ഞു. പൊലീസിനെ കബളിപ്പിക്കാൻ നോക്കിയയാൾക്കെതിരെ എന്നിട്ടും കേസെടുക്കുന്നില്ല.
സാധാരണ കുഴൽപണ കവർച്ചാ കേസുപോലെയാണ് പൊലീസ് കൊടകര കേസിനെ കാണുന്നത്. എന്നാൽ, അതിനപ്പുറം കേസിന് മാനങ്ങളുണ്ട്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബി.ജെ.പിയിലെ രണ്ട് വിഭാഗമാണ് കേസിലുൾപ്പെട്ടത്. കേസ് ഇപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിലെത്തി നിൽക്കുകയാണ്. എന്നാൽ, കെ. സുരേന്ദ്രന്‍റെ പേര് പോലും പറയാൻ മുഖ്യമന്ത്രി ഇന്ന് തയാറായില്ലെന്നാണ് തന്നെ അത്ഭുതപ്പെടുത്തിയ കാര്യം -വി.ഡി. സതീശൻ പറഞ്ഞു.
കള്ളപ്പണത്തിന്‍റെ ചരിത്രത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. സാധാരണ കള്ളപ്പണ കേസിനെ പോലെയാണ് അദ്ദേഹം ഇതിനെ കാണുന്നത്.
സംസ്ഥാന സർക്കാറിലെ പലർക്കെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതെല്ലാം പെട്ടെന്ന് നിലച്ചു. ബി.ജെ.പി-സി.പി.എം ഒത്തുകളി ഞങ്ങൾ അന്നേ ആരോപിച്ചതാണ്. സർക്കസിലെ തല്ല് മാത്രമാണ് കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നടക്കുന്നത്. ശബ്ദം മാത്രമേയുണ്ടാകുന്നുള്ളൂ.
ഒത്തുതീർപ്പ് നടക്കരുതെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. പണത്തിന്‍റെ സ്രോതസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പുറത്തുവരണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.