കൊടകര കുഴൽപ്പണ കേസ്: ആലപ്പുഴയിലേക്ക് കൂടുതൽ അന്വേഷണം
text_fieldsആലപ്പുഴ: കൊടകര കുഴൽപ്പണകേസിൽ ബി.ജെ.പി നേതാക്കളുടെ ഇടപെടൽ പുറത്തുവന്നതോെട ആലപ്പുഴ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ആർ.എസ്.എസ് പ്രവർത്തകനും പ്രതിയുമായ ധർമരാജൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആലപ്പുഴയിലെ നേതാക്കളുടെ പങ്ക് തിരിച്ചറിഞ്ഞത്. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴയിലെ ബി.ജെ.പി നേതാക്കൾക്ക് നൽകാനാണെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ല ട്രഷറർ കെ.ജി. കർത്തയെ പൊലീസ് െട്രയിനിങ് സെൻററിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകൾ ചോദ്യംചെയ്തു.
ഇതിനുശേഷം കർത്ത നടത്തിയ വെളിപ്പെടുത്തലിലാണ് ബി.ജെ.പിയിലേക്കുള്ള ബന്ധത്തിന് കൂടുതൽ വ്യക്തത കൈവന്നത്. നാലുമണിക്കൂർ ചോദ്യംചെയ്യലിനുശേഷം കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറിനോട് ചോദിക്കണമെന്ന് മാധ്യമങ്ങളോട് വ്യക്തമായിരുന്നു. ഇതിനുപിന്നാലെയാണ് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള മധ്യമേഖല സംഘടന സെക്രട്ടറി എൻ. പത്മകുമാറിനെ ചോദ്യംചെയ്തത്. ബി.ജെ.പിയുടെ പങ്ക് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയതായും സൂചനയുണ്ട്.
കൂടുതൽ വ്യക്തത വരുത്താൻ ഉന്നതനേതാക്കളെയടക്കം ചോദ്യംചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം പ്രധാനമായും ആർക്കാണ് കൈമാറിയതെന്ന് തിരിച്ചറിയാൻ പ്രതികളുമായുള്ള അന്നേദിവസം കെ.ജി. കർത്ത നടത്തിയ ഫോൺവിളികൾ അടക്കമുള്ള ഹാജരാക്കിയാണ് അന്ന് ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള തുകയാണ് കുഴൽപണമായി എത്തിച്ചതെന്ന സംശയം ബലപ്പെട്ടത്.
കേരളത്തിലേക്ക് എത്തിയ മൂന്നരക്കോടിയുടെ ഉറവിടം കണ്ടെത്താൻ ഇടനിലക്കാരായിനിന്ന ബി.ജെ.പി നേതാക്കളുടെ പങ്ക് ഉറപ്പിക്കാൻ ആവശ്യമായ തെളിവുകൾ കിട്ടിയതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.