ബി.ജെ.പിയിൽ ഒറ്റപ്പെട്ട് കെ. സുരേന്ദ്രൻ; ഉത്തരവാദപ്പെട്ടവർ ദുരൂഹ ഇടപാട് നടത്തി നാണംകെടുത്തിയെന്ന് പാർട്ടിക്കുള്ളിൽ വിമർശനം
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി പണമിറക്കിയെന്ന ആരോപണത്തിന് ശക്തിയേറുേമ്പാൾ ബി.ജെ.പിയിൽ സംസ്ഥാന പ്രസിഡൻറ് കെ. സുേരന്ദ്രനെതിെര നീക്കം ശക്തം. കുഴൽപ്പണവും കള്ളപ്പണവും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ തകർക്കുമെന്ന് ആവർത്തിച്ച് പറയുന്ന പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ ദുരൂഹ ഇടപാട് നടത്തി നാണംകെടുത്തിയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.
െകാടകര കുഴൽപ്പണ സംഭവത്തിൽ ബി.ജെ.പിക്ക് ബന്ധമുണ്ടെന്നതും സി.കെ. ജാനുവിന് 10 ലക്ഷം നൽകാമെന്ന സുരേന്ദ്രെൻറ സംഭാഷണവും പൊറുക്കാനാകാത്ത തെറ്റാണെന്ന് ആർ.എസ്.എസും വിലയിരുത്തുന്നു. ഡിജിറ്റലായി മാത്രമാണ് തെരഞ്ഞെടുപ്പിൽ പണം കൈമാറിയതെന്ന െകാടകര സംഭവത്തിൽ സുരേന്ദ്രെൻറ പ്രതികരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം. പ്രമുഖ നേതാക്കളാരും പ്രസിഡൻറിനെ പിന്തുണച്ചിട്ടില്ല.
400 കോടി രൂപയാണ് കേന്ദ്രനേതൃത്വം നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് അയച്ചതെന്ന് സംസ്ഥാന ഭാരവാഹികൾതന്നെ സമ്മതിക്കുന്നുണ്ട്. ഇതിൽ 156 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്രനേതൃത്വത്തെ ചില മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ബാക്കി തുകയുടെ കണക്ക് വേണമെന്ന് സംഘ്പരിവാറിലെ മറ്റ് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. 35 എ പ്ലസ് മണ്ഡലങ്ങൾക്ക് ആറു കോടി വീതമാണ് കേന്ദ്രനേതൃത്വം വകയിരുത്തിയത്.
കെ. സുരേന്ദ്രെൻറ പക്ഷത്തുള്ള സ്ഥാനാർഥികൾക്ക് ഇൗ തുക നൽകിയിരുന്നു. സുരേന്ദ്രനുമായി അഭിപ്രായ വ്യത്യാസമുള്ള, സഹഭാരവാഹികളായ സ്ഥാനാർഥികൾക്ക് 2.20 കോടി രൂപ മാത്രമാണ് നൽകിയത്. ബി വിഭാഗം മണ്ഡലങ്ങളിൽ സ്വന്തക്കാർക്ക് ഒന്നരക്കോടിയും എതിർ ഗ്രൂപ്പുകാർക്ക് ഒരു കോടിയും നൽകിയെന്നും വിരുദ്ധപക്ഷം പറയുന്നു. 10 മണ്ഡലങ്ങളിൽ 50 ലക്ഷം വീതവും ബാക്കിയുള്ള ഇടങ്ങളിൽ 25 ലക്ഷം വീതവും നൽകിയെന്നാണ് രഹസ്യ കണക്ക്. എന്നാൽ, തെരഞ്ഞെടുപ്പിൽ പരമാവധി 30 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.
തെരഞ്ഞെടുപ്പിൽ സാമ്പത്തികകാര്യങ്ങൾ നടത്താൻ പ്രേത്യക സമിതി രൂപവത്കരിക്കാതെ പണം കൈകാര്യം ചെയ്തത് സുരേന്ദ്രനും സംഘടന ജനറൽ സെക്രട്ടറി എം. ഗണേശനും കേന്ദ്രമന്ത്രി വി. മുരളീധരനുമായിരുന്നുവെന്ന് എതിർപക്ഷം ആരോപിക്കുന്നു. ചില നേതാക്കൾ കർണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിനുശേഷം കോടികൾ നിക്ഷേപിച്ചതായി ആക്ഷേപമുണ്ട്.
കഴിഞ്ഞ 15 വർഷംെകാണ്ട് ചില ബി.ജെ.പി നേതാക്കളുടെ സാമ്പത്തിക വളർച്ച റോക്കറ്റുപോലെ ഉയർന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ഒരു നേതാവിനെതിരെ അന്നത്തെ ആഭ്യന്തര വകുപ്പ് ചില രഹസ്യാന്വേഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ, നേതാവിനെ കുറച്ചുദിവസം പേടിപ്പിച്ചതിനപ്പുറം അന്വേഷണം മുന്നോട്ടുപോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.