കൊടകര കുഴൽപണ കേസ്; ബി.ജെ.പി ബന്ധം വെളിച്ചത്താകാൻ കാരണം ഗ്രൂപ്പിസവും ഊമക്കത്തും
text_fieldsതൃശൂർ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പിയുടെ പങ്ക് വെളിച്ചത്തായത് ഗ്രൂപ് പോരിനെത്തുടർന്ന്. 25 ലക്ഷം കവർന്നെന്ന പരാതി, മൂന്നര കോടി രൂപയുടെ കവർച്ചയായി വളർന്നതും ബി.ജെ.പിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തറിഞ്ഞതും കൊടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിലൂടെയാണ്. കവർച്ച നടന്ന് നാലു ദിവസം കഴിഞ്ഞ് ലഭിച്ച പരാതിക്ക് പൊലീസ് തുടക്കത്തിൽ വലിയ ഗൗരവം നൽകിയിരുന്നില്ല. ഇതിനിടയിലാണ് ഊമക്കത്ത് ലഭിച്ചത്. വാഹനം തട്ടിക്കൊണ്ടുപോയി 25 ലക്ഷം കവർന്നെന്ന് പരാതിയുണ്ടെന്നും 25 ലക്ഷമല്ല, മൂന്നര കോടിയാണെന്നറിയിച്ച് ഒരു കത്ത് വന്നത് പരിശോധിക്കുകയാണെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ബി.ജെ.പിയിലെ ഒരു വിഭാഗം വിഷയം ഏറ്റെടുത്തു. ജില്ലയിലെ ഔദ്യോഗിക വിഭാഗത്തെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പദ്ധതിയെങ്കിലും സംസ്ഥാന പ്രസിഡൻറ് വരെ െവട്ടിലായി.
ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണെന്ന് സൂചന കിട്ടിയതോടെ അന്വേഷണമാവശ്യപ്പെട്ട് സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ ധർമരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്നും ഇയാൾക്ക് പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കാണെന്നും പൊലീസ് തന്നെ വെളിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ കേസിന് ഗൗരവമേറി. 22 പേർ അറസ്റ്റിലായി. 25 ലക്ഷം നഷ്ടപ്പെട്ട പരാതിയിൽ 1.42 കോടി രൂപയും 20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും ഇടപാടുകളുടെ രേഖകളും കണ്ടെടുത്തു.
വാഹനത്തിൽ മൂന്നര കോടി രൂപ ഉണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു. പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയ ധർമരാജൻ ഇത് സാധൂകരിക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളടക്കം 16 പേരെ ചോദ്യം ചെയ്തു. കവർച്ചയുടെ തലേ ദിവസം പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ സ്വകാര്യ ലോഡ്ജിൽ മുറി നൽകിയത് ബി.ജെ.പി ഓഫിസിൽനിന്ന് പറഞ്ഞിട്ടാണെന്ന് ഹോട്ടൽ ജീവനക്കാരും പാർട്ടി നേതാക്കളും സ്ഥിരീകരിച്ചു. ജില്ല പ്രസിഡൻറ് തന്നെ സംസ്ഥാന നേതാവിനെ സംശയനിഴലിലാക്കി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.