കുഴൽപ്പണ അന്വേഷണത്തിൽ സി.പി.എം-പ്രതിപക്ഷ പോര്; അന്വേഷണ സംഘത്തിന്റെ ആദ്യയോഗം നാളെ
text_fieldsതിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തെച്ചൊല്ലി സി.പി.എം-പ്രതിപക്ഷ പോര്. സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായിയെന്നും കേന്ദ്രാന്വേഷണത്തനിനായി സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ തയാറായില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. അതേസമയം, കൊടകര കേസിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അതിനവർ തയാറായില്ലെന്നുമാണ് സി.പി.എം നിലപാട്.
കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ ബി.ജെ.പിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരിച്ചടിച്ചു.ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നിൽ താനാണെന്ന് ആരോപണങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. ശോഭ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. ഈ പരാമർശത്തെ സർക്കാറിനെ അടിക്കാനുള്ള വടിയാക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ബി.ജെ.പി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. സി.പി.എം -ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നിൽക്കുന്നു എന്നതിന് തെളിവാണ് ശോഭയുടെ വാക്കുകളെന്നും ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതെരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.
കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്നും അതിനവർ തയാറായില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിക്കുന്നത്. ഹൈകോടതിയിൽ വന്ന ഹരജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ കോടതിയിൽ ഹാജരാകേണ്ടി വന്നു. പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈകോടതിയിൽ ഉറപ്പുനൽകിയെങ്കിലും അന്വേഷണത്തിന് തയാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറയുന്നു.
അന്വേഷണ സംഘത്തിന്റെ ആദ്യയോഗം നാളെ
തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കുവേണ്ടി കോടിക്കണക്കിന് രൂപയുടെ കുഴൽപണം എത്തിച്ചെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് രൂപവത്കരിച്ച പ്രത്യേകസംഘം തിങ്കളാഴ്ച തൃശൂരിൽ ആദ്യ സിറ്റിങ് നടത്തും. തൃശൂർ പൊലീസ് ക്ലബ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി വി.കെ. രാജു ഫോണിൽ ബന്ധപ്പെട്ടതായി വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞു. ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അത് രേഖപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ തനിക്ക് ചില തിരക്കുകളുണ്ടെന്നും തിങ്കളാഴ്ച മുതൽ എന്നു വേണമെങ്കിലും ഹാജരാകാമെന്ന് അറിയിച്ചതായും സതീഷ് പറഞ്ഞു. തിങ്കളാഴ്ച സതീഷിന്റെ വിശദമൊഴി എടുത്തേക്കും. അതനുസരിച്ചാകും അടുത്ത നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.