കൊടകര കുഴൽപ്പണ കേസ് വിവരങ്ങൾ ഡി.ജി.പി തെരഞ്ഞെടുപ്പ് കമീഷനും കൈമാറി; കത്ത് പുറത്ത്
text_fieldsതിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് സംബന്ധിക്കുന്ന വിവരങ്ങൾ ഡി.ജി.പി തെരഞ്ഞെടുപ്പ് കമീഷനും കൈമാറി. 41 കോടി രൂപയാണ് തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി കേരളത്തിലെത്തിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ പറയുന്നു.അന്നത്തെ ഡിജിപി അനിൽകാനന്താണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകിയത്.
കൊടകര കുഴൽപ്പണ കേസിലെ ഹവാല ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചിട്ടും മൂന്ന് വർഷത്തിലേറെയായി എൻഫോഴ്സ്മെന്റ് നടപടിയെടുത്തിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമീഷണർ വി.കെ രാജുവാണ് കത്തയച്ചത്.
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് 2021 ആഗസ്റ്റ് എട്ടിനാണ് കത്തയച്ചത്. എന്നാൽ, മൂന്ന് വർഷമായിട്ടും കത്തിൽ തുടർ നടപടികളൊന്നും ഇ.ഡി സ്വീകരിച്ചിട്ടില്ല. കർണാടകയിൽ നിന്നും 41 കോടി രൂപയാണ് ഹവാല പണമായി തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് എത്തിയതെന്ന് സംസ്ഥാന പൊലീസ് ഇ.ഡിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് കുഴൽപണമെത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി.
തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.