കൊടകര കുഴൽപ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
text_fieldsതൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി തൃശൂർ ജില്ല മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവും ഇന്നുണ്ടായേക്കും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആറ് ചാക്കിൽ പണമെത്തിയതിന് താൻ സാക്ഷിയാണെന്നായിരുന്നു സതീശിന്റെ വെളിപ്പെടുത്തൽ. മുമ്പ് പൊലീസിനോട് പറയാതിരുന്ന ഈ വിവരം വിചാരണവേളയിൽ കോടതിയിൽ വെളിപ്പെടുത്താനിരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇയാൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
ഡിവൈ.എസ്.പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഇന്നലെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശത്തിന് പിന്നാലെയായിരുന്നു നടപടി.
നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്.
കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകൾ വിശദീകരിച്ച് അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ ഹരജി ഫയൽ ചെയ്യും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും.
നേരത്തേ കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. തുടരന്വേഷണം വേണോ പുനരന്വേഷണം വേണോ എന്ന് തീരുമാനിക്കാൻ നിയമസാധുതകൂടി കണക്കിലെടുക്കും.
ബി.ജെ.പി മുൻ ഓഫിസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി-സി.പി.എം ഡീൽ ആരോപണങ്ങൾ കനപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ തിടുക്കത്തിൽ നടപടിയെടുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചത്.
കൊടകര കുഴൽപണ കേസ്
2021 ഏപ്രിൽ മൂന്നിന് പുലർച്ചെ തൃശൂർ കൊടകരക്കടുത്ത് വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതാണ് കൊടകര കുഴൽപണ കേസ്. വാഹനത്തിന്റെ ഡ്രൈവർ ജംഷീർ ഏപ്രിൽ ഏഴിന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയപ്പോഴാണ് നടന്നത് വാഹനാപകടമല്ലെന്നും പണം തട്ടിയെടുക്കാൻ സൃഷ്ടിച്ച അപകടമാണെന്നും പുറത്തറിഞ്ഞത്.അതിനുശേഷമാണ് കാസർകോട്ടെ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ധർമരാജൻ പണം നഷ്ടപ്പെട്ടെന്നും അത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നതാണെന്നും വെളിപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ നഷ്ടപ്പെട്ടത് 25 ലക്ഷമല്ല, മൂന്നര കോടിയോളം രൂപയാണെന്ന് വ്യക്തമായി. 25 പേരെ അറസ്റ്റ് ചെയ്യുകയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഇപ്പോൾ വെളിപ്പെടുത്തലുമായി വന്ന തിരൂർ സതീഷും ഉൾപ്പെടെ 19 പേരെ സാക്ഷികളാക്കുകയും ചെയ്തു.
ഒന്നര കോടിയോളം രൂപ വീണ്ടെടുത്തു. ഇഴഞ്ഞുനീങ്ങിയ നടപടികൾക്കുശേഷം പൊലീസ് ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിൽ വിചാരണ തുടങ്ങിയിട്ടില്ല. സംസ്ഥാന പൊലീസ് ഈ കേസ് ഇ.ഡിക്ക് കൈമാറിയെങ്കിലും അതിലും വേണ്ടത്ര അന്വേഷണം നടന്നിട്ടില്ല. അറസ്റ്റിലായവരെല്ലാം ഇതിനിടെ ജാമ്യത്തിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.