കൊടകര കുഴൽപ്പണ കേസ്: പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് ഇ.ഡി
text_fieldsകൊച്ചി: കൊടകര കുഴൽപണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. ഹൈകോടതിയിലാണ് കേസിൽ പ്രാഥമിക അേന്വഷണം തുടങ്ങിയെന്ന വിവരം ഇ.ഡി അറിയിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
കേസ് സംബന്ധിച്ച് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചിരുന്നുവെങ്കിലും നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്‍റെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ ഇത് വരില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച ഇ.ഡി നിലപാട്. എന്നാൽ, കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയെത്തിയതോടെയാണ് നടപടികളിലേക്ക് അന്വേഷണ ഏജൻസി കടന്നത്.
കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഇ.ഡി പറഞ്ഞിരുന്നു.
കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഇന്ന് ഹൈകോടതി നിർദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമികാന്വേഷണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നൽകിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.