കുഴൽപണക്കേസ്: മൂന്ന് ബി.ജെ.പി നേതാക്കളെ പ്രതി ചേർക്കുന്നതിൽ നിയമോപദേശം തേടി
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ചക്കേസിൽ ജൂൈല 23ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പ്രതികൾ അറസ്റ്റിലായിട്ട് ജൂലൈ 26ന് 90 ദിവസം തികയും. അതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. ബി.ജെ.പി നേതാക്കളെ പ്രതിയാക്കുന്നത് സംബന്ധിച്ച കൂടിയാലോചനകളിലാണ് അന്വേഷണസംഘം. ഇടപാടുമായി പരോക്ഷമായി ബന്ധപ്പെട്ട മൂന്ന് നേതാക്കളാണ് പരിഗണനയിലുള്ളത്. രണ്ട് ജില്ല നേതാക്കളെയും ഒരു മേഖല നേതാവിനെയും പ്രതി ചേർക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. കവർച്ചക്ക് മുമ്പും ശേഷവും പ്രതികളുമായി േനരിൽ ബന്ധപ്പെട്ടവരാണിവർ. ബന്ധപ്പെട്ടതിെൻറ ഫോൺ വിളികളുടെ പട്ടികയും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പൊലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. പണം കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യമുണ്ടെങ്കിലും, കോടതിയിൽ നൽകിയ ഹരജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാൽ, ഇതിന് മതിയായ രേഖകൾ ധർമരാജൻ ഹാജരാക്കിയിട്ടുമില്ല.
പ്രതികളിൽനിന്നും സാക്ഷികളിൽനിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നൽകിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രൻ ധർമരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടിൽ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെങ്കിലും കവർച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.