കൊടകര കുഴൽപ്പണക്കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
text_fieldsതൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാനാണ് മൊഴി എടുക്കുന്നത്.
തൃശൂരിലെ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാമാണ് സംഘം ആരായുക. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രതിയായ ധർമ്മരാജനും സംഘവും എത്തിയെന്ന വിവരത്തെതുടർന്നാണ് സുരേഷ് ഗോപിയുടെ മൊഴി എടുക്കാൻ തീരുമാനിച്ചത് എന്നാണ് അറിയുന്നത്.
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണം എന്നാണ് ദിപിനോട് നിർദേശിച്ചിട്ടുള്ളത്. സുരേന്ദ്രന്റെ ഡ്രൈവറെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
അതേസമയം,കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇ.ഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.