ഇ.ഡി ‘അടയിരിക്കുന്ന’ കൊടകര കുഴൽപ്പണ കേസ് വീണ്ടും ചർച്ചയിലേക്ക്
text_fieldsതൃശൂർ: സംസ്ഥാന പൊലീസിനും ഇ.ഡിക്കുമടക്കം ആർക്കും താൽപര്യമില്ലാതെ കിടക്കുന്ന കൊടകര കുഴൽപ്പണ കേസ് വീണ്ടും ചർച്ചയിലേക്ക്. ‘കൊടകര കുഴൽപ്പണ കേസ് എന്നൊരു കേസ് തന്നെയില്ല, അവിടെ നടന്നത് പണം കവർച്ച കേസാണെ’ന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ വിശദീകരിച്ച വിഷയമാണ് ഉപതെരഞ്ഞെടുപ്പ് വേളയിൽ വീണ്ടും ചർച്ചയാവുന്നത്.
സംസ്ഥാന പൊലീസ് കുറ്റപത്രം സമർപ്പിച്ച കുഴൽപ്പണ കേസ് ചാലക്കുടി കോടതിയിൽ വിചാരണ കാത്ത് കിടക്കുകയാണ്. അന്വേഷിക്കുന്നുണ്ടെന്ന് ഹൈകോടതിയിൽ പറഞ്ഞ ഇ.ഡി ആകട്ടെ തണുപ്പൻ മട്ടിലുമാണ്. സാമ്പത്തിക ക്രമക്കേടിന് പുറത്താക്കപ്പെട്ടയാളാണ് തിരൂർ സതീഷെന്നും ഇത്രയുംകാലം പറയാതെ ഇപ്പോൾ പറയുന്നത് സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്നുമാണ് ബി.ജെ.പി പറയുന്നത്. വാദമുഖങ്ങളെന്തായാലും ഈ കേസിൽ സംസ്ഥാന സർക്കാറിനടക്കം താൽപര്യം കുറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കിയാണ്. പൊലീസ് കൃത്യമായി അന്വേഷിക്കണമെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.
വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. അന്വേഷണത്തിലെ ഇഴച്ചിലും കുറ്റപത്രത്തിലെ വിവരങ്ങളും പൊലീസിന്‍റെ ഒത്തുകളി പ്രകടമാക്കുന്നതാണ്. വെറും കവർച്ചക്കേസാക്കി ഒതുക്കിയതിനു പിന്നിൽ സി.പി.എം ഇടപെടലാണ്. മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അറിയാതെ ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും ജോൺ ഡാനിയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.