കൊടകര കുഴൽപണ കവർച്ച: മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ
text_fieldsതൃശൂർ: കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാളുടെ ഭാര്യയെ കൂടി അറസ്റ്റ് ചെയ്തു. പ്രതി രഞ്ജിത്തിെൻറ ഭാര്യ കോടാലി വല്ലത്ത് ദീപ്തി (34) ആണ് പിടിയിലായത്. രഞ്ജിത്തിെൻറ കൈവശമുണ്ടായിരുന്ന പണം ഒളിപ്പിച്ചത് ദീപ്തിയായിരുന്നു. കവർച്ചാപണമാണെന്ന് അറിഞ്ഞ് കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
രഞ്ജിത്തിെൻറ വീട്ടിൽനിന്ന് 11.96 ലക്ഷമാണ് കണ്ടെടുത്തത്. രണ്ട് ലക്ഷം രൂപയുടെ ഇടപാടുകളെക്കുറിച്ചും അറിഞ്ഞു. ഇതോടെ ഒരു കോടിയോളം രൂപയാണ് പ്രതികളിൽ നിന്നായി കണ്ടെടുത്തത്. ഏപ്രിൽ മൂന്നിന് കൊടകര മേൽപാലത്തിന് സമീപത്തായി വാഹനാപകടമുണ്ടാക്കി കാറിലുണ്ടായിരുന്ന 25 ലക്ഷം കവർന്നെന്നാണ് കോഴിക്കോട് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജ് ഡ്രൈവർ ഷംജീർ മുഖേന നൽകിയ പരാതിയിലുള്ളത്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടിയോളമാണ് തട്ടിയെടുത്തതെന്ന് ആരോപണമുയർന്നിരുന്നു. 25 ലക്ഷം നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ഒരു കോടിയോളം കണ്ടെത്തിയത്. ഇതോടെ ആരോപണം ശരിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതുവരെ 19 പേരാണ് അറസ്റ്റിലായത്. കൂടുതൽ പേർ അറസ്റ്റിലാവുമെന്ന സൂചന അന്വേഷണ സംഘം പങ്കുവെച്ചു. ഇതിനിടെ കേസിലെ മൂന്ന് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. നാല് പേരെ ജയിലിലും ആറ് പേരെ കസ്റ്റഡിയിലും ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച മുതൽ തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.