കോടനാട് വില്ലേജ് അസിസ്റ്റന്റ് ഷാജൻ പോളിനെ സസ്പെന്‍റ് ചെയ്തു
text_fieldsതിരുവനന്തപുരം: എറണാകുളം, കോടനാട് വില്ലേജ് അസിസ്റ്റന്റ് ഷാജൻ പോളിനെ സസ്പെന്‍റ് ചെയ്തു. പൊതുജനങ്ങൾക്ക് സേവനം നല്കുന്നതിനായി ഭീമമായ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
അന്വേഷണ സംഘം കോടനാട് വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ വില്ലേജ് അസിസ്റ്റന്റിന്റെ ഭാഗത്ത് നിന്നു ഗൗരവതരമായ വീഴ്ചകളുണ്ടായിയെന്ന് കണ്ടെത്തി. വില്ലേജ് ഓഫിസിൽ ലഭിച്ച അപേക്ഷകൾ നടപടിയെടുക്കാതെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാറ്റിവെച്ചുവെന്നും താമസിപ്പിച്ചുവെന്നും ബോധ്യമായി. ഇത് ഗൗരവതരമായ കുറ്റമാണ്. പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ മുൻ തീയതി വച്ച് ക്രമരഹിതമായി രേഖപ്പെടുത്തലുകൾ വരുത്തിയതും അതീവ ഗൗരവതരമായ വീഴ്ചകളാണ്. ഇതെല്ലാം ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളാണെന്നും റിപ്പോർട്ട് നൽകി. ആ റിപ്പോർട്ടിന്റെ അട്സ്ഥാനത്തിലാണ് നടപടി.
ഈ പരിശോധനയുടെ ഭാഗമായി, പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസർ പരിശോധിച്ചതിൽ വില്ലേജ് അസിസ്റ്റന്റ് ഷാജൻ പോൾ ആഗസ്റ്റ് 17,18 തീയതികളിൽ ക്യാഷ് ഡിക്ലയർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് ഓഫീസിൽ ഹാജരായ വേളയിൽ ഈ തീയതികളിലെ രേഖപ്പെടുത്തലുകൾ ക്രമരഹിതമായി വരുത്തിയെന്നും കണ്ടെത്തി. പോക്കുവരവ് ഉൾപ്പെടെ നിരവധി അപേക്ഷകൾ മാനുവലായി ചെയ്യുന്നതിനായി കെട്ടിവച്ചിരിക്കുന്നതായും ഇതിൽ വളരെ പഴക്കം കേസുകളും ഉൾപ്പെടുന്നതായും ബന്ധപ്പെട്ട കക്ഷികളുമായി ഫോണിൽ സംസാരിച്ചതിൽ മനപൂർവമായ കാലതാമസം ഉണ്ടായിട്ടുള്ളതാണെന്നും ബോധ്യപ്പെട്ടു.
കെട്ടിവച്ച പതിനെട്ട് അപേക്ഷകളിൽ പത്തെണ്ണവും സാമ്പത്തിക ലാഭത്തിനുവേണ്ടി മാറ്റിവെച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. പരാതിക്കാരനേയും വില്ലേജ് അസിസ്റ്റന്റിനെയും നേരിൽ കേട്ടു. അതിൽ നിന്നും വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുന്ന ആളാണെന്ന് ബോധ്യമായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വില്ലേജ് അസിസ്റ്റന്റ് കെട്ടി വെച്ചിരുന്ന അപേക്ഷകൾ ഇതിനെ സാധൂകരിക്കുന്നു. പരാതിക്കാരൻ വില്ലേജ് ഓഫീസിൽ ഹാജരായി നല്കിയ മൊഴിയിലും എഴുതി നൽകിയ ആരോപണത്തിൽ ഉറച്ചു നിന്നതും വില്ലേജ് അസിസ്റ്റന്റിനെതിരെ നടപടി സ്വീകരിക്കുന്നതിന് കാരണമാണ്.
കൈക്കൂലി നൽകാത്തവർക്ക് സേവനം നിഷേധിക്കുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും കാണിച്ച് ഷൈൻ വർക്കിയാണ് സർക്കാരിന് പരാതി നൽകിയത്. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായി. അതിനാലാണ് റവന്യൂവകുപ്പ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.