വിയ്യൂർ സെൻട്രൽ ജയിലിലെ ആക്രമണ കേസ് ‘ഒതുക്കി’
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും നടത്തിയ ആസൂത്രിത കലാപത്തിൽ തുടർനടപടികളിലേക്ക് കടക്കാതെ പൊലീസും ജയിൽവകുപ്പും.
സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന ആരോപണത്തിന് പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും നടപടി സാധൂകരണം നൽകുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും സംഭവത്തിൽ പ്രാഥമിക നടപടികളിലേക്കു പോലും പൊലീസ് -ജയിൽ വകുപ്പുകൾ കടന്നിട്ടില്ല.
നവംബർ അഞ്ചിനാണ് വിയ്യൂർ സെൻട്രൽ ജയിലിലെ അതി സുരക്ഷ ബ്ലോക്കിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തെ കാട്ടുണ്ണി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് അഡീഷനൽ പ്രിസൺ ഓഫിസർ അടക്കം മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ഗാർഡ് ഓഫിസിലെ മേശ, കസേര, ജയിൽവളപ്പിലെ ടെലിഫോൺ ബൂത്ത് തുടങ്ങിയവ തകരുകയും ചെയ്തത്. സംഭവത്തിൽ ജയിലധികൃതർ വിയ്യൂർ പൊലീസിന് നൽകിയ പരാതിയിൽ കൊടി സുനിയടക്കം 10 പേരെ പ്രതി ചേർത്ത് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ ജയിൽ വകുപ്പ് കേസ് അവസാനിപ്പിച്ച നിലയിലാണ്.
മധ്യമേഖല ഡി.ഐ.ജിയുടെ കീഴിലുള്ള വിയ്യൂരിൽനിന്ന് ഉത്തര മേഖല ഡി.ഐ.ജിയുടെ കീഴിലുള്ള തവനൂരിലേക്ക് കൊടി സുനിയെ കഴിഞ്ഞ ദിവസം മാറ്റി. സുനി ആവശ്യപ്പെട്ട കണ്ണൂരിലേക്കുള്ള മാറ്റം നടപ്പാക്കാൻ ഇനി പ്രയാസമില്ല.
അതി സുരക്ഷ ബ്ലോക്കിന്റെ ഇന്നർ സർക്കിളിൽനിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാർ പുറത്തിറങ്ങണമെങ്കിൽ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫിസ് റൂമിലേക്ക് രഞ്ജിത്ത് ഉൾപ്പെടെയുള്ള തടവുകാരെത്തിയിരുന്നു.
ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായമില്ലാതെ ഇതിന് കഴിയില്ലെന്ന് ജീവനക്കാർതന്നെ പറയുന്നു. ഇക്കാര്യങ്ങൾ സി.സി.ടി.വിയിൽ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖല ഡി.ഐ.ജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയിൽ മാറ്റിക്കൊടുത്തെന്നാണ് ആക്ഷേപം. ജയിലിൽ കലാപം നടക്കുമ്പോൾ സുനിയെ സഹായിച്ച ജീവനക്കാരിൽ ചിലർ കാഴ്ചക്കാരായി നിന്നെന്നും ആക്ഷേപമുണ്ട്.
ജയിലിനകത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുത്തെങ്കിലും പ്രാഥമിക തെളിവെടുപ്പിലേക്കോ മൊഴിയെടുക്കലിലേക്കോ പൊലീസും കടന്നിട്ടില്ല.
ജയിലിൽ മർദനമേറ്റെന്ന പരാതിയിൽ ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. ജയിലിലെ സംഘർഷത്തിൽ നടപടികളിലേക്ക് കടക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. അനുമതി നേടാനുള്ള വഴികൾ പൊലീസ് തേടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.