കൊടി സുനി മുമ്പ് പരോളിൽ ഇറങ്ങിയപ്പോഴും കേസ്
text_fieldsകോഴിക്കോട്: ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോൾ ലഭിച്ച് കൊടി സുനി പുറത്തിറങ്ങുമ്പോൾ ചർച്ചയാവുന്നത് ജയിലിൽ ശിക്ഷകാലത്ത് പ്രതി നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങളും. സ്വർണക്കടത്ത് പൊട്ടിക്കാൻ ജയിലിൽനിന്ന് ക്വട്ടേഷൻ, ജനപ്രതിനിധി അടക്കമുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്, ജയിലധികൃതരെ ആക്രമിച്ചത് അടക്കമുള്ള സംഭവങ്ങളാണ് ചർച്ചയിൽ നിറയുന്നത്.
ഒരുവർഷം മുമ്പ് ജയിൽവകുപ്പിന്റെ ‘നോട്ടപ്പുള്ളി’യായ കൊടി സുനി പെട്ടെന്ന് ‘നല്ലപിള്ളയായി’ പരോൾ നേടിയതിനു പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ആരോപണവും സജീവമാണ്. കൊടി സുനി ഒഴികെയുള്ള പ്രതികളുടെ പെരുമാറ്റം തൃപ്തികരമെന്നായിരുന്നു 2023 നവംബറിൽ തവനൂർ ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. പിന്നാലെയാണ് വീണ്ടും റിപ്പോർട്ട് വാങ്ങിയുള്ള ‘പുറത്തിറക്കൽ’.
ടി.പി കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് സുനി മറ്റു കേസുകളിലും പ്രതിയായത്. അതിലൊന്ന് കണ്ണൂർ ചൊക്ലി സ്വദേശി കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തിയത് ‘പൊട്ടിക്കാൻ’ കുപ്രസിദ്ധ മോഷ്ടാവ് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്തിന് ക്വട്ടേഷൻ നൽകിയതാണ്.
സുനിയും കാക്ക രഞ്ജിത്തും ജയിലിൽ വെച്ചാണ് പരിചയം. തുടർന്ന് രഞ്ജിത്ത് പുറത്തിറങ്ങിയപ്പോൾ സുനി ചൊക്ലി സ്വദേശി സ്വർണം കടത്തുന്ന വിവരം കൈമാറി. കോഴിക്കോട് മോഡേൺ ബസാറിനടുത്തുനിന്ന് കാർ തടഞ്ഞ് നാലംഗസംഘമാണ് സ്വർണം കൈക്കലാക്കിയത്. നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരും പിടിയിലായതോടെയാണ് കാക്ക രഞ്ജിത്തിന്റെ പങ്ക് പുറത്തായത്.
കൊടി സുനിയാണ് സ്വർണക്കടത്ത് പൊട്ടിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് പിന്നീട് കാക്ക രഞ്ജിത്ത് പൊലീസിന് മൊഴി നൽകി. തുടർന്ന് അന്വേഷണ സംഘം ജയിലിലെത്തി സുനിയെ ചോദ്യംചെയ്തു. കള്ളക്കടത്ത് സ്വർണം വാങ്ങിയ കൊല്ലം സ്വദേശി രാജേഷ് ഖന്ന അടക്കം അറസ്റ്റിലായെങ്കിലും കേസ് പിന്നീട് തേഞ്ഞുമാഞ്ഞുപോയി.
പിന്നീടാണ് സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗൺസിലറെ സുനി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിൽ കൊടുവള്ളി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. കൊയിലാണ്ടി കേന്ദ്രീകരിച്ചും സമാനമായ ഭീഷണി പരാതി സുനിക്കെതിരെ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.