കൊടി സുനി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോൺ കോട്ടയം സ്വദേശിയുടേതെന്ന് പൊലീസ്
text_fieldsകോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ ഭീഷണിപ്പെടുത്താൻ കൊടി സുനി ഉപയോഗിച്ച ഫോൺ നമ്പർ കോട്ടയം സ്വദേശിയുടേതെന്ന് പൊലീസ് കണ്ടെത്തൽ. കോട്ടയം സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ള സിം കാർഡിൽ നിന്നാണ് കൊടി സുനി മജീദിനെ വിളിച്ചത്.
സിം കാർഡ് ലഭിക്കാൻ അനൂപിന്റെ ആധാർ കാർഡ് ആണ് നൽകിയത്. കൊടി സുനിയും അനൂപും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കൊടുവള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തേക്ക് തിരിച്ചു. അനൂപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കും.
കൊടി സുനിയുടെ ശബ്ദ സാംമ്പിൾ പരിശോധനയ്ക്കായി ശേഖരിക്കാൻ അനുമതി തേടി പ്രത്യേക അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിക്കും. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി നിലവിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ്.
രേഖകളില്ലാത്ത ഒന്നരക്കിലോ സ്വർണം വാങ്ങി 45 ലക്ഷം രൂപ ഉടൻ കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു മൊബൈൽ ഫോണിലൂടെ കൊടി സുനി ഭീഷണിപ്പെടുത്തിയത്. മേയ് 23ന് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തി ഷാഹിദ് എന്നയാൾ ഖത്തറിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന മജീദിന്റെ ഫോണിലേക്ക് വിളിച്ച് കുറച്ച് സ്വർണം വിൽക്കാനുണ്ടെന്ന് പറയുകയും വില തിരക്കുകയും ചെയ്തു.
പൊലീസ് ക്ലിയറൻസും തിരിച്ചറിയൽ രേഖയും ഉണ്ടെങ്കിലേ സ്വർണം വാങ്ങാനാവൂ എന്ന് അറിയിച്ചു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. തുടർന്ന് മേയ് 25ന് െകാടി സുനി വിളിച്ചു. ജയിലിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം ഷാഹിദ് പറഞ്ഞ സ്വർണം വാങ്ങി 45 ലക്ഷം രൂപ ഖത്തറിലോ നാട്ടിലോ കൈമാറണമെന്ന് പറഞ്ഞു.
പൊലീസ് ക്ലിയറൻസുണ്ടെങ്കിൽ മാത്രമേ സ്വർണം വാങ്ങൂ എന്ന് പറഞ്ഞതോടെ ‘ഞാൻ കുറേ കാലമായി തുടങ്ങിയിട്ട്, നീയെന്നെ ഖത്തറിലെ നിയമം പഠിപ്പിക്കണ്ട, രേഖകളൊന്നും തരാനാവില്ല, സ്വർണം വാങ്ങി പണം തരണം’ എന്ന് പറഞ്ഞു. പറ്റില്ലെന്ന് അറിയിച്ചതോടെ നാട്ടിൽ ജീവിക്കേണ്ട എന്നായി. ഇതോടെ ഞാൻ കൊടുവള്ളി നഗരസഭ കൗൺസിലറാണെന്ന് പറഞ്ഞപ്പോൾ തെറിപറഞ്ഞ് ഫോൺ കട്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.