മാവേലിക്കരയിൽ കൊടിക്കുന്നിലിന്റെ വിജയക്കൊടി
text_fieldsമാവേലിക്കര: മാവേലിക്കരയിൽ തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും അടിവരയിട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലേക്ക്. 10868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നിൽ വിജയമുറപ്പിച്ചത്. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയാണ് ലോക്സഭയിലെത്തുന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായെങ്കിലും വിജയം ആവർത്തിക്കാനായതിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ ആഹ്ലാദത്തിലാണ്. 2019ൽ 45 ശതമാനം വോട്ടുകൾ നേടി 61,138 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന കൊടിക്കുന്നിലിന് ഇത്തവണ അത് 10,000 ത്തിൽ ഒതുങ്ങി.
യു.ഡി.എഫിന്റെ കുത്തക മണ്ഡലത്തിൽ ശക്തമായി മത്സരം കാഴ്ചവെച്ച സി.പി.ഐയിലെ അരുൺ കുമാർ 40 ശതമാനത്തോളം വോട്ടുകളാണ് നേടിയത്. ബി.ഡി.ജെ.എസിനായി മത്സരിച്ച ബൈജു കലാശാലയാണ് മൂന്നാം സ്ഥാനത്ത്. 16 ശതമാനം വോട്ടുകളാണ് നേടിയത്.
1989 മുതൽ പാലർമന്റെ് അംഗമായ കൊടിക്കുന്നിൽ ഇത് എട്ടാം തവണയാണ് ലോക്സഭ അംഗമാകുന്നത്. അടൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് നാലു തവണ വിജയിച്ച കൊടിക്കുന്നിൽ 2009ൽ മാവേലിക്കര സംവരണ മണ്ഡലമായത് മുതൽ കൊടിക്കുന്നിൽ അല്ലാതെ മറ്റാരും ജയിച്ചിട്ടില്ല.
2019ലെ തെരഞ്ഞെടുപ്പിൽ 45.36 ശതമാനം വോട്ടുകൾ നേടി 61,138 വോട്ട് ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നിൽ സുരേഷ് ജയിച്ചത്. 39.06 ശതമാനം വോട്ടുകൾ നേടിയ സി.പി.ഐയുടെ ചിറ്റയം ഗോപകുമാർ രണ്ടാമതും 13.75 ശതമാനം വോട്ടുകൾ നേടിയ ബി.ഡി.ജെ.എസിന്റെ താഴവ സഹദേവൻ മൂന്നാമതുമായിരുന്നു. 2014 ൽ ചെങ്ങറ സുരേന്ദ്രനെയും 2009ൽ അർ.എസ്.അനിലിനെയും തോൽപ്പിച്ചാണ് ലോക്സഭയിലെത്തിയത്.
മതസാമുദായിക ഘടകങ്ങൾ പ്രബലമായ മണ്ഡലത്തിൽ സമുദായ സംഘടനകളുമായുള്ള അടുപ്പം ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ ഏഴ് മണ്ഡലങ്ങളിലും നേടിയ വിജയം ലോക്സഭയിലും ആവർത്തിക്കാമെന്ന എൽ.ഡി.എഫിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്. കൂടാതെ കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനുശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടുപ്പായതിനാൽ ഏറെ പ്രതീക്ഷയിലായിരുന്നു. ഭൂരിപക്ഷം കുറക്കാനായെങ്കിലും വിജയത്തിലെത്തിക്കാൻ കേരള കോൺഗ്രസ് കൂട്ടുകെട്ടിനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.