കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണ നീളൽ: ആഭ്യന്തരവകുപ്പിന് വിമർശനം
text_fieldsമലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സംസ്ഥാന സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വിചാരണ നടപടികൾ നീളുന്നു. ഫൈസലിന്റെ ഭാര്യ ആവശ്യപ്പെട്ട അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ സർക്കാറിന് താൽപര്യമില്ലാത്തതാണ് പ്രശ്നം. മതം മാറിയതിന്റെ പേരിൽ 2016ലാണ് തിരൂരങ്ങാടി കൊടിഞ്ഞിയിൽ ഫൈസലിനെ ആർ.എസ്.എസുകാരായ പ്രതികൾ വധിച്ചത്. പ്രതികളെല്ലാം ജാമ്യത്തിലാണ്. വിചാരണ തുടങ്ങുന്ന തീയതി നിശ്ചയിക്കണമെങ്കിൽ സ്പെഷൽ പബ്ലിക് പ്രേസിക്യൂട്ടർ (എസ്.പി.പി) കോടതിയിൽ ഹാജരാകണം. എസ്.പി.പിയില്ലാത്തതിനാൽ രണ്ട് തവണ കേസ് മാറ്റിവെച്ചു. ആഗസ്റ്റ് 23ലേക്കാണ് ഒടുവിൽ മാറ്റിയത്.
തിരൂർ അഡീഷനൽ ജില്ല സെഷൻസ് കോടതിയിലാണ് കേസ്. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ പി. കുമാരൻകുട്ടി, കെ. സാഫൽ എന്നിവരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരാക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് ഫൈസലിന്റെ ഭാര്യ ജസ്ന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനമെടുത്തില്ല. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കെതിരെയുള്ള ഇടപെടലാണ് അഡ്വ. പി. കുമാരൻകുട്ടിയെ നിയമിക്കാത്തതിന് പിന്നിലെന്നും കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ആർ.എസ്.എസ് താല്പര്യം സംരക്ഷിക്കാനാണെന്നും ഫൈസൽ നിയമസഹായ സമിതി കുറ്റപ്പെടുത്തുന്നു. അഡ്വ. പി. കുമാരൻകുട്ടിയെ തന്നെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്ന ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
ആർ.എസ്.എസുകാർ പ്രതികളാകുന്ന കേസിൽ സർക്കാർ ഭാഗത്തുനിന്ന് അഴകൊഴമ്പൻ സമീപനമുണ്ടാകുന്നെന്ന വിമർശനം നേരത്തേയുണ്ട്. ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടർ നിയമനം വൈകിയതിനാൽ കേസ് നീണ്ടുപോയെന്ന വിമർശനമുയർന്നിരുന്നു. കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ കുറ്റവാളികൾ വിട്ടയക്കപ്പെട്ട സംഭവത്തിലും സർക്കാർ വിമർശിക്കപ്പെട്ടിരുന്നു. 2016 നവംബർ 19ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫാറൂഖ് നഗർ സ്വദേശി അനിൽകുമാർ (ഉണ്ണി) എന്ന ഫൈസൽ (30) കൊല്ലപ്പെട്ട കേസിൽ സജീവ ആർ.എസ്.എസ് പ്രവർത്തകരായിരുന്ന 16 പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.