ആറ് വയസ്സുകാരനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ
text_fieldsകൊടിയത്തൂർ: കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലും പരിസര പ്രദേശങ്ങളിലുമായി ആറു വയസ്സുകാരനെ കടിക്കുകയും നിരവധി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത തെരുവ് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നാട്ടുകാരും എന്‍റെ നെല്ലിക്കാപറമ്പ് രക്ഷാ സേനയും നടത്തിയ തെരച്ചിലില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിൽ നായക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു തെരുവ് നായുടെ ആക്രമണം. കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറി, മാവായി, കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് എന്നിവിടങ്ങളില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെയടക്കം കടിച്ചു. പിന്നീടാണ് സര്‍ക്കാര്‍പറമ്പില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആറ് വയസ്സുകാരനെ നായ ആക്രമിച്ചത്. സര്‍ക്കാര്‍ പറമ്പ് പിലാത്തോട്ടത്തില്‍ ശിഹാബുദ്ധീന്‍റെ മകന്‍ മുഹമ്മദ് ശംവീലിനാണ് (6) കടിയേറ്റത്.
മുതുകിന്‍റെ താഴ്ഭാഗത്തായി കടിയേറ്റ കുട്ടിയെ പിതൃ മാതാവ് രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി.
അതേസമയം, തെരുവ് നായ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിർദേശം നല്‍കിയതായി വാര്‍ഡ് മെമ്പറും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ജിജിത സുരേഷ് പറഞ്ഞു. നായ ആക്രമിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആക്രമണത്തിനിരയായവർ ആരോഗ്യ വകുപ്പ് അധികൃതരെയോ വാര്‍ഡ് മെമ്പറെയോ വിവരമറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.