Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് നയങ്ങൾ, മതനിരപേക്ഷ ബദലുകൾ രൂപപ്പെടുത്തണം; സി.പി.ഐയെ തള്ളി കോടിയേരി

text_fields
bookmark_border
ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് നയങ്ങൾ, മതനിരപേക്ഷ ബദലുകൾ രൂപപ്പെടുത്തണം; സി.പി.ഐയെ തള്ളി കോടിയേരി
cancel

കണ്ണൂർ: സംഘ്പരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസിൻറെ വർഗീയ പ്രീണന നയം ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തത് കോൺഗ്രസിൻറെ തകർച്ചയെ സൂചിപ്പിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ്​ സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സി.പി.എം മുന്നോട്ടുവയ്ക്കുന്നതെന്ന്​ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്​തമാക്കി.

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കോടിയേരിയുടെ ലേഖനം.

" കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യമാണ്." രാഷ്ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിഷ്പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർ.എസ്.എസും ബി.ജെ.പിയും ഇടം പിടിക്കുമെന്ന്​ ബിനോയ് വിശ്വം എം.പി പറഞ്ഞിരുന്നു. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡി.സി.സിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമർശം.

കോടിയേരിയുടെ ലേഖനത്തിൽനിന്ന്​:

ബിജെപി ഒരു സാധാരണ രാഷ്ട്രീയ പാർടിയല്ല. ഫാസിസ്റ്റ് അജൻഡ മുന്നോട്ടുവയ്‌ക്കുന്ന ആർഎസ്എസിനാൽ നയിക്കപ്പെടുന്ന പാർടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽപ്പോലും പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ചവരായിരുന്നു ഇവർ. ഇവർക്ക് അധികാരത്തിലെത്താൻ ഇടയാക്കിയത് കോൺഗ്രസിന്റെ നയങ്ങളായിരുന്നു. രാജ്യത്ത് കോൺഗ്രസ്‌ നടപ്പാക്കിയ തെറ്റായ നയങ്ങൾ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും മറികടക്കുന്നതിനുവേണ്ടി കോർപറേറ്റുകൾക്ക് പരവതാനി ഒരുക്കുന്ന ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കാൻ കോൺഗ്രസ്‌ തയ്യാറായി. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി.

കോൺഗ്രസിന്റെ വർഗീയപ്രീണന നയം ഉപയോഗപ്പെടുത്തി തങ്ങളുടെ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌ ബാബ്‌റി മസ്ജിദ് തകർക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ്‌ ജനങ്ങളിൽനിന്ന് ഒറ്റപ്പെടാൻ തുടങ്ങിയപ്പോൾ കോൺഗ്രസിനെ മുൻനിർത്തി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാകില്ലെന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തവും തിരിച്ചറിഞ്ഞു. അവർ ബിജെപിക്കു പിന്നിൽ അണിചേർന്നു. നേരത്തേ തന്നെ സ്വതന്ത്ര കമ്പോളത്തിനായി വാദിച്ച സംഘപരിവാറിന് ഇവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സാധ്യവുമായി.

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തത് ആ പാർടിയുടെ തകർച്ചയിലേക്കും നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിനുപിറകെ ഒന്നായി ബിജെപിയിൽ ചേക്കേറി. കോൺഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാർ കോൺഗ്രസ്‌ വിട്ട് അതത് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ്.

വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. വർഗ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വലതുപക്ഷം വർഗീയ ശക്തികളുമായി കൈകോർക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സമീപനമാണ് വർഗീയ ശക്തികൾക്ക് വളരാനുള്ള അവസരമൊരുക്കുന്നത്. വടകരയിലെയും ബേപ്പൂരിലെയും കോലീബി സഖ്യം കേരളീയർക്ക് മറക്കാനാകില്ല. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നതും അവരുടെ സഹായത്താൽ തന്നെ. തദ്ദേശ തെരഞ്ഞെടുപ്പുകൾതൊട്ട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.

ആർഎസ്എസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതുപോലുള്ള നടപടികളും ഇതിന്റെ ഭാഗമായിരുന്നു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ ഹനിക്കുമ്പോൾ അവയ്ക്കെതിരായി ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറായിട്ടില്ല. കേന്ദ്ര ഏജൻസികളുടെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്തെമ്പാടും കോൺഗ്രസ്‌ പ്രചാരണം നടത്തുമ്പോഴും കേരളത്തിൽ ഇവർക്ക് അത് ബാധകമല്ല. ഇപ്പോൾ കേരളത്തിന്റെ വികസനപദ്ധതികളെ പ്രതിരോധിക്കുന്നതിനും ഇവർ യോജിച്ചുമുന്നേറുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIKodiyeri balakrishnancongress
News Summary - Kodiyeri against congress, rejects CPI stand
Next Story