കോടിയേരിക്കും പിണറായിക്കും രണ്ടു നീതിയെന്ന് വി.ഡി. സതീശന്‍
text_fieldsകൊച്ചി: സി.എം.ആർ.എൽ- എക്‌സാലോജിക് മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ മകള്‍ വീണ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇപ്പോള്‍ മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ മത്സരിക്കുകയാണ്.
മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതല്ലായിരുന്നു സി.പി.എം നിലപാട് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടും രണ്ട് നീതിയാണ് സിപിഎമ്മിന്. കോടിയേരിയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ പാര്‍ട്ടി മാറി നിന്നു. പക്ഷേ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് നിലപാട് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഇനി ചര്‍ച്ച് ബില്‍ വന്നാലും ഉറച്ച നിലപാട് തന്നെയായിരിക്കും. ആ ബില്ല് പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്‌നമില്ലാതാകുമോയെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.
ഒരു സേവനവും ചെയ്യാതെ വീണയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി 70 ലക്ഷം രൂപ വന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷമാണ് എസ്.എഫ്.ഐ.ഒ അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഉടനടി രാജിവെക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കാതെ അധികാരത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. തെറ്റായ കാര്യമാണ് നടന്നിട്ടുള്ളത്. അതില്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ കേസ് രാഷ്ട്രീയമായ കേസല്ല. ഇത് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കണ്ടെത്തലായി വന്നതാണ്. പൊളിറ്റിക്കല്‍ കേസായി തുടങ്ങിയതല്ല. രാഷ്ട്രീയ കേസായി തുടങ്ങിയ കേസുകളിലെല്ലാം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടെയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ അന്വേഷണവും മുക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഏത് കേസു വന്നാലും രാഷ്ട്രീയമായ കേസാണെന്ന് പറയുന്നത് ശരിയാണോയെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.