സി.പി.എമ്മിനെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു -കോടിയേരി
text_fieldsതലശ്ശേരി: കേരളത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയെയും ഇല്ലായ്മ ചെയ്ത് ആധിപത്യം സ്ഥാപിക്കാമെന്ന ബി.ജെ.പി മോഹം വിലപ്പോവില്ല. കോൺഗ്രസ് തോറ്റിടത്ത് ആർ.എസ്.എസും ബി.ജെ.പിയും ലക്ഷ്യം കാണാൻ പോകുന്നില്ല. സി.ബി.െഎയെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടാനുള്ള ശ്രമങ്ങൾക്കെതിരെയും യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് സി.പി.എം തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ യു.എ.പി.എ ഉപയോഗിക്കുന്നത്. ബി.ജെ.പിക്കെതിരെ ചിന്തിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയും നിശ്ശബ്ദരാക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലിംകൾക്കും ദലിതുകൾക്കും കമ്യൂണിസ്റ്റുകൾക്കും എതിരെയാണ് ഏറ്റവും കൂടുതൽ യു.എ.പി.എ നിയമം ഉപയോഗിച്ചത്. സി.ബി.െഎയെ ഉപയോഗിച്ച് പൗരന്മാരെ പീഡിപ്പിക്കാൻ ഇൗ നിയമം ഉപയോഗിക്കുകയാണ്. അതിെൻറ തെളിവാണ് കതിരൂർ മനോജ് കേസിൽ പി. ജയരാജനെതിരെ യു.എ.പി.എ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്.
സി.ബി.െഎയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിലാണ്. സി.പി.എമ്മിനെ ഒതുക്കാനാണ് തലശ്ശേരിയിലെ ഫസൽ കേസും ഉപയോഗിക്കുന്നത്. ആർ.എസ്.എസുകാരൻ കൊലനടത്തിയ കുറ്റസമ്മതം നടത്തിയിട്ടും സി.ബി.െഎ പുനരന്വേഷണത്തിന് തയാറാവുന്നില്ല. സംഭവത്തിലെ ആർ.എസ്.എസ് പങ്ക് പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.