ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി; ഖുർആൻ നൽകുന്നത് നിയമവിരുദ്ധമാണോയെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസി മന്ത്രി കെ.ടി ജലീലിനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണെന്നും അദ്ദേഹത്തിന് നൽകിയ നോട്ടീസിൽ അത് വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാനാണ് ജലീലിനെ വിളിപ്പിച്ചത്. ഇതിെൻറ പേരിൽ എന്തു സമരം നടന്നാലും ജലീൽ രാജിവെക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പതിനാല് മണിക്കൂർ ജുഡീഷ്യൽ കമീഷന് മുന്നിലിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രി രാജിവെച്ചിരുന്നെങ്കിൽ ധാർമ്മികത മുൻനിർത്തിയുള്ള ചോദ്യങ്ങൾക്ക് അർത്ഥമുണ്ടാകുമായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. എ.കെ.ജി സെൻററിൽ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവും കോടിയേരി ഉയർത്തി. ഖുർആൻ ജലീൽ ചോദിച്ചു വാങ്ങിയതല്ല. ഖുർആൻ ഇന്ത്യയിൽ നിരോധിച്ച പുസ്തകമാണോ? ഖുർആൻ നൽകുന്നത് നിയമവിരുദ്ധമാണോ? ആർ.എസ്.എസിെൻറ പ്രചരണത്തിൽ കോൺഗ്രസും ഒപ്പം ചേർന്നു. ഖുർആൻ വിതരണം ചെയ്തുവെന്ന ബി.ജെ.പിയുടെ ആരോപണം മുസ്ലിം ലീഗ് ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ചോദിച്ചു.
കോൺഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയുമായി സന്ധിചെയ്യുന്നു. പി.കെ കുഞ്ഞാലിക്കുട്ടി പോലും ബി.ജെ.പിയെ തള്ളിപ്പറയാൻ തയാറാകുന്നില്ല. ബി.ജെ.പി എങ്ങനെയാണ് മുസ്ലിം ലീഗിെൻറ ശത്രുവല്ലാതായത്. മുസ്ലിംകളും മതന്യൂനപക്ഷങ്ങളും ഈ നിലപാട് പരിശോധിക്കണം. കോൺഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഉള്ള ബന്ധം പെട്ടെന്ന് ഉണ്ടാകുന്നതല്ലെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. സമരങ്ങൾക്ക് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോൺഗ്രസും ബി.ജെ.പിയും സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങൾ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു.
മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജലീലിനെ അപായപ്പെടുത്താൻ ശ്രമം നടന്നു. എ.കെ ബാലെൻറ വാഹനത്തിന് നേരെ ഏറ് പടക്കം എറിഞ്ഞതും ഇതിെൻറ ഭാഗമായാണ്. ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. ഇത് ജനങ്ങളെ അണിനിരത്തി തന്നെ ചെറുക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ജനപിന്തുണയുള്ളതിനാൽ സർക്കാറിന് ഭയമില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.