അഭിമന്യു വധം: കേസിനെക്കുറിച്ച് മൗനംപൂണ്ട് കോടിയേരി
text_fieldsകൊച്ചി: അഭിമന്യുവിെൻറ ഒന്നാം രക്തസാക്ഷി ദിനത്തിൽ നഗരത്തിൽ നടന്ന രണ്ടു ചടങ്ങുകളിലും പ്രതികളെക്കുറിച്ചോ കേസിനെക്കുറിച്ചോ ഒന്നും പറയാതെ കോടിയേരി ബാലകൃഷ്ണൻ. കലൂരിലെ സ്മാരക മന്ദിരത്തിെൻറ തറക്കല്ലിടൽ ചടങ്ങും തുടർന്ന് രാജേന്ദ്ര മൈതാനിയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തത് കോടിയേരിയാണ്. ശിലാസ്ഥാപന ചടങ്ങിൽ എസ്.ഡി.പി.ഐയുടെയും ആർ.എസ്.എസിെൻറയും വർഗീയതക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം അനുസ്മരണ പരിപാടിയിൽ ഏറെയും എസ്.എഫ്.ഐയുടെ പ്രാധാന്യത്തെക്കുറിച്ചും അഭിമന്യുവിെൻറ രക്തസാക്ഷിത്വത്തെക്കുറിച്ചുമാണ് പറഞ്ഞത്.
കൊലപാതകം നടന്ന് ഒരുവർഷം പിന്നിട്ടിട്ടും അഭിമന്യുവിനെ കുത്തിയ പത്താംപ്രതിയെയും മറ്റുള്ളവരെ കുത്തിയ 12ാം പ്രതിയെയും പിടികൂടിയിട്ടില്ല. കേസ് കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെതിരെ പല കോണിൽനിന്ന് വിമർശനമുയർന്നിരുന്നു. കെ.എസ്.യു പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ മൗനം ശ്രദ്ധേയമായത്.
നോവോർമയായ് മകൻ; നെഞ്ചുരുകും കാഴ്ചയായ് മാതാവ്
കൊച്ചി: കഴിഞ്ഞവർഷം ജൂലൈ രണ്ടിന് മഹാരാജാസ് കോളജിലെ വരാന്തയിൽനിന്നുയർന്ന് കേരളത്തിലെങ്ങും അലയടിച്ച ‘നാൻ പെറ്റ മകനേ’ എന്ന ആർത്തനാദം കൃത്യം ഒരുവർഷം പിന്നിട്ട ചൊവ്വാഴ്ച വീണ്ടും പലവട്ടമുയർന്നു. അഭിമന്യുവിെൻറ ഒന്നാം രക്തസാക്ഷി ദിനത്തിൽ മകെൻറ മരണമില്ലാത്ത ഓർമയിൽ നെഞ്ചുപൊട്ടി കരയുന്ന മാതാവ് ഭൂപതി കൊച്ചിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ കണ്ണീർ കാഴ്ചയായി.
തേങ്ങിയും വിതുമ്പിയും ചിലപ്പോൾ സങ്കടം സഹിക്കവയ്യാതെ നിലവിളിച്ചും ആ മാതാവ് നോവിെൻറ പെരുമഴയായി. നാൻപെറ്റ മകനേ, ഏൻ മകനേ, ഏൻ തങ്കമേ...എന്നീ വാക്കുകൾ വിലാപമായി ഉയർന്നു.
രാവിലെ കലൂരിൽ സംഘടിപ്പിച്ച അഭിമന്യു സ്മാരക മന്ദിരത്തിെൻറ ശിലാസ്ഥാപന ചടങ്ങിൽ കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടെയാണ് ഇടുക്കി വട്ടവടയിൽനിന്ന് മാതാവ് ഭൂപതിയും പിതാവ് മനോഹരനുമെത്തിയത്. വേദിക്കുപിന്നിലെ ഫ്ലക്സിൽ വിടർന്നു ചിരിക്കുന്ന മകെൻറ വലിയ ഛായാചിത്രം കണ്ടപ്പോഴാണ് ഭൂപതിയുടെ നിയന്ത്രണംവിട്ടത്. ആ ചിത്രത്തിൽ ൈകെവച്ചും തല കുനിച്ചും അവർ ഏറെനേരം കണ്ണീർ പൊഴിക്കുകയും നിലവിളിക്കുകയും ചെയ്തു.
അനുസ്മരണത്തിനിടെ പ്രതിഷേധവും സംഘർഷവും; കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: അഭിമന്യുവിെൻറ ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചത് സംഘർഷത്തിനിടയാക്കി. കൊലക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളജ് കവാടത്തിനു മുന്നിൽ കെ.എസ്.യുവിെൻറ പ്രതിഷേധവും എസ്.എഫ്.ഐയുടെ പ്രകടനവുമാണ് ഒരേസമയം നടന്നത്. കെ.എസ്.യു പ്രവർത്തകരോട് സ്ഥലത്തുനിന്ന് മാറാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇവർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, ജില്ല മുൻ പ്രസിഡൻറ് ടിറ്റോ ആൻറണി, കെ. സേതുരാജ്, സംസ്ഥാന സെക്രട്ടറിമാരായ എ.എ അജ്മൽ, പി.എച്ച്. അസ്‌ലം, മഹാരാജാസ് യൂനിറ്റ് പ്രസിഡൻറ് സി.പി. പ്രിയ, വിവേക് ഹരിദാസ്, ജിബിൻ പയ്യന്നൂർ, കൃഷ്ണലാൽ, ടെക്സൺ തോമസ്, അഞ്ജന ശ്രീകുമാർ, ഗംഗ രാജേന്ദ്രൻ, ബുഷ്‌റ അൻസാരി, സൂരജ് സി.ആർ, നിതീഷ് ടി.ബാലൻ, മുഹമ്മദ് അജാസ്, മുഹമ്മദ് സാദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അഭിമന്യു വധം: വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: മഹാരാജാസ് കോളജ് ബിരുദവിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിെൻറ വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ. ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. വിചാരണ നടപടികൾ തീരുമാനിക്കുന്നതിനായാണ് കേസ് പരിഗണിച്ചതെങ്കിലും സാധിച്ചില്ല. കേസ് ആഗസ്റ്റ് 21ലേക്ക് മാറ്റി. പ്രതികളെല്ലാം അവധി അപേക്ഷ നൽകിയതിനാൽ ആരും കോടതിയിൽ ഹാജരായിരുന്നില്ല.
അതിനിടെ, സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ രേഖകൾ പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ടവർ ലൊക്കേഷൻ വിവരങ്ങളും പൊലീസ് കോടതിയിൽ സമർപ്പിച്ച സി.സി ടി.വി ദ്യശ്യങ്ങളും നൽകാമെന്നും ഫോൺ വിളികളുടെ വിശദാംശങ്ങൾ കൈമാറാനാവില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം നൽകിയ രണ്ട് ഹരജി വിധി പറയാൻ മാറ്റി.
കൊലപാതകത്തിെൻറ ഒന്നാം വാർഷികദിനത്തിലാണ് കേസ് കോടതിയുടെ തുടർ പരിഗണനക്കെത്തിയത്. ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി 16 പ്രതികൾക്കെതിരെയാണ് പൊലീസ് കുറ്റപത്രം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.