വരാൻ തയാറായിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെയും വിളിക്കുമായിരുന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: വരാൻ തയാറായിരുന്നെങ്കിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും വിളിക്കുമായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.വി. തോമസ് സെമിനാറിൽ പങ്കെടുത്തതുകൊണ്ട് സി.പി.എമ്മുമായി അടുക്കണമെന്നില്ല. തോമസിനെതിരായ നടപടി കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എന്നാൽ, കെ.വി. തോമസ് നിലപാടിൽ ഉറച്ചുനിന്നാൽ വഴിയാധാരമാകില്ലെന്നും കോടിയേരി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ഏത് കക്ഷി വകുപ്പ് ഭരിച്ചാലും ജീവനക്കാരുടെ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫിസോഴ്സ് അസോസിയേഷന്റെ സമരം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു.
ഇന്ത്യയിൽ ഏറ്റവും വലിയ തീവ്രവാദ പ്രവർത്തനം നടത്തിയത് ആർ.എസ്.എസ് -കോടിയേരി
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ കൊലപാതകമായ മഹാത്മ ഗാന്ധി വധവും ഏറ്റവും വലിയ തീവ്രവാദ പ്രവർത്തനമായ ബാബരി മസ്ജിദ് പൊളിക്കലും നടത്തിയ സംഘടനയാണ് ആർ.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിൽ മുസ്ലിംകൾക്കെതിരെ ആർ.എസ്.എസ് ഏകപക്ഷീയ ആക്രമണമാണ് നടത്തിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള വർഗീയ ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ ആർ.എസ്.എസുകാർ സി.പി.എമ്മുകാരെ കൊലപ്പെടുത്തിയത് പ്രവർത്തകരെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ, സി.പി.എം പ്രവർത്തകർ സംയമനം പാലിച്ചതോടെ ആ ശ്രമം പൊളിഞ്ഞു. മതന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സി.പി.എമ്മിനെ തകർക്കുകയാണ് ലക്ഷ്യം. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ചൂണ്ടിക്കാണിച്ച് വളരാനാണ് ശ്രമിക്കുന്നത്. യഥാർഥ മതവിശ്വാസികൾക്ക് വർഗീയ തീവ്രവാദത്തിനെതിരായ നിലപാടാണുള്ളത്.
കൊലപാതകം നടത്തിയശേഷം ആർ.എസ്.എസും എസ്.ഡി.പി.ഐയും സർക്കാറിനും പൊലീസിനുമെതിരെ പ്രചാരണം നടത്തും. കലാപം സൃഷ്ടിച്ച് സർക്കാറിനെ അസ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
കൊലപാതകങ്ങൾ തടയുന്നതിൽ പൊലീസ് ഇന്റലിജൻസിന് പരാജയമുണ്ടായില്ല. ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട്ട് പുറത്തുനിന്ന് ആർക്കും പ്രവേശിക്കാൻ കഴിയില്ല. അവിടെ വന്ന് കൊലപാതകം നടത്തിയത് ആസൂത്രിതമായാണ്. ആസൂത്രിത കൊലപാതകം മുൻകൂട്ടി കാണാൻ കഴിയില്ല. ഇന്ദിര ഗാന്ധിയുടെ കൊലപാതകം അറിയാൻ കഴിയാത്തതുപോലെയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടഞ്ചേരിയിൽ ഇതര മതസ്ഥയെ ഡി.വൈ.എഫ്.ഐ നേതാവ് വിവാഹം കഴിച്ച സംഭവത്തിൽ ജില്ല സെക്രട്ടേറിയറ്റംഗം ജോർജ് എം. തോമസ് നടത്തിയ വിവാദ പരമാർശം കോഴിക്കോട് ജില്ല കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടി കോൺഗ്രസിന്റെ ചെലവിനുള്ള തുക ജനങ്ങളിൽനിന്ന് ഹുണ്ടിക പിരിവിലൂടെയാണ് ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.