മൂന്നാം തവണയും കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി
text_fieldsകൊച്ചി: സംഘടനാതലത്തിലും പാർട്ടിനയത്തിലും പുതുകാലത്തിനൊത്ത മാറ്റംവരുത്തിയ സി.പി.എമ്മിനെ കേരളത്തിൽ മൂന്നാം തവണയും കോടിയേരി ബാലകൃഷ്ണൻ നയിക്കും. തുടർ ഭരണത്തിലൂടെ ചരിത്രം കുറിച്ച രണ്ടാം പിണറായി സർക്കാറിന് വികസനക്കുതിപ്പിനുള്ള നയരേഖക്കുകൂടി അംഗീകാരം നൽകിയാണ് 23ാം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത്.
പല തലങ്ങളിലും ചരിത്രം കുറിച്ച തീരുമാനങ്ങൾ കൂടിയാണ് സംസ്ഥാന സമ്മേളനത്തിൽ നടപ്പാക്കപ്പെട്ടത്. 75 വയസ്സ് എന്ന പരിധിയിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും നിന്ന് നിരവധി നേതാക്കൾ സജീവ പാർട്ടി ചുമതലകളിൽനിന്ന് പിന്മാറി.
രണ്ടാം പിണറായി സർക്കാറിലെ മൂന്ന് മന്ത്രിമാർകൂടി സെക്രട്ടേറിയറ്റിന്റെ ഭാഗമായതോടെ നേരത്തേയുള്ള പി. രാജീവും കെ.എൻ. ബാലഗോപാലും ഉൾപ്പെടെ ആകെ അഞ്ച് മന്ത്രിമാർ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തി. പീഡനകേസിൽ ആരോപണവിധേയനും കുറച്ചുനാൾ നടപടിക്ക് വിധേയനാവുകയും ചെയ്ത പി. ശശിയെക്കൂടി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതാണ് സ്ത്രീപക്ഷ കേരളത്തിലേക്ക് കടക്കണമെന്ന് ആഹ്വാനം ചെയ്ത സമ്മേളനത്തിലെ മറ്റൊരു ശ്രദ്ധേയ നടപടി. വി.എസ്. അച്യുതാനന്ദനെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി നിലനിർത്തി.
പാർട്ടി ചരിത്രത്തിൽ 40 വർഷത്തിനുശേഷം സംസ്ഥാന സമ്മേളനത്തിൽതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനും കൊച്ചി സാക്ഷിയായി. നിലവിലെ സെക്രട്ടേറിയറ്റിലെ ഏഴുപേരെ ഒഴിവാക്കി എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 17 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. കഴിഞ്ഞ തവണ 16 അംഗ സെക്രട്ടേറിയറ്റായിരുന്നു. അംഗസംഖ്യ 88ൽനിന്ന് 89 ആയി വർധിപ്പിച്ച പുതിയ സംസ്ഥാന സമിതിയിൽ 16 പേരാണ് പുതുമുഖങ്ങൾ. 13 പേർ ഒഴിഞ്ഞു. സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് എഴുതിക്കൊടുത്ത് സംസ്ഥാന കമ്മിറ്റിയിൽനിന്ന് മുൻ എം.എൽ.എ ജയിംസ് മാത്യു ഒഴിഞ്ഞത് പ്രതിനിധികളെ അത്ഭുതപ്പെടുത്തി. മുൻ മന്ത്രി ജി. സുധാകരനാണ് സംസ്ഥാന സമിതിയിൽനിന്ന് ഒഴിഞ്ഞ മറ്റൊരു പ്രമുഖൻ.
പുതുതായി മൂന്ന് വനിതകൾ സമിതിയുടെ ഭാഗമായി. ആദ്യമായി ഒരു പട്ടികവർഗ അംഗം സംസ്ഥാന കമ്മിറ്റി അംഗമായി. മാനന്തവാടി എം.എൽ.എ ആയ ഒ.ആർ. കേളുവാണ് ചരിത്രം കുറിച്ചത്. എന്നാൽ, സെക്രട്ടേറിയറ്റിലെ വനിതാ പ്രാതിനിധ്യം ഒന്നിൽ ഒതുങ്ങി. 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം ഇതാദ്യമായി പ്രവർത്തന റിപ്പോർട്ടിനുപുറമെ മറ്റൊരു നയരേഖകൂടി ചർച്ച ചെയ്ത് അംഗീകരിച്ചാണ് അവസാനിച്ചത്. 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന വികസന നയരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.
2015ൽ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയായ കോടിയേരി 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണയും സെക്രട്ടറിയായി. എന്നാൽ, മകനെതിരായ ആരോപണവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും സർക്കാറിനും പാർട്ടിക്കും തലവേദനയായതോടെ 2020 നവംബർ 13ന് അസുഖകാരണങ്ങളാൽ താൽക്കാലികമായി ചുമതല ഒഴിഞ്ഞു. പിന്നീട് 2021 ഡിസംബർ മൂന്നിനാണ് തിരികെ ചുമതല ഏറ്റെടുത്തത്. സംസ്ഥാന സെക്രട്ടറി പദവിയിൽ ഇത് കോടിയേരിയുടെ അവസാന ഉൗഴമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.