'മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തി'
text_fieldsതിരുവനന്തപുരം: മന്ത്രി എം.എം മണി പാര്‍ട്ടിയുടെ യശസിനു മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാലാണ് പരസ്യശാസന നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണിക്കെതിരായ പാര്‍ട്ടി നടപടി വിശദീകരിച്ച് ദേശാഭിമാനിയിൽ നേർവഴി എന്ന പംക്തിയിലാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്.
പൊമ്പിളൈ ഒരുമൈ സമരത്തെ അവഹേളിച്ചില്ലെന്ന് മണി വിശദമാക്കിയിരുന്നു. തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പ്രസംഗത്തിന്റെപേരില്‍ ഹര്‍ത്താല്‍ നടത്തിയതും ഇപ്പോള്‍ പൊമ്പിളൈ ഒരുമൈയുടെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏകോദരസഹോദരങ്ങളെപ്പോലെ മൂന്നാറില്‍ സത്യഗ്രഹം നടത്തുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അതുപോലെ നിയമസഭ സ്തംഭിപ്പിക്കുന്ന സമരമുറകള്‍ നടത്തുന്നത്, ഒരുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാകുന്നത് തടയാനാണ്. ഈ വിഷയം പാര്‍ടി സംസ്ഥാന കമ്മിറ്റി പരിശോധിക്കുകയും മണിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തു. നാനാവശവും യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം.എം മണിയെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും കോടിയേരി പറഞ്ഞു.
മൂന്നാര്‍ പ്രശ്നത്തിന്‍റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു പ്രതിപക്ഷശ്രമം. ഇതിന്റെ ഭാഗമായാണു മണിയുടെ പ്രസംഗത്തെ ഭൂകമ്പംപോലുള്ളൊരു രാഷ്ട്രീയവിഷയമാക്കി കൊണ്ടുനടക്കുന്നത്. ഇത്തരം രാഷ്ട്രീയ അടവുകള്‍കൊണ്ട് ഒന്നാംവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനുപിന്നില്‍ അണിനിരക്കുന്ന ജനങ്ങളെ തടയാനാകില്ല- ‘മൂന്നാർ സത്യാനന്തരം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ കോടിയേരി പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടിയില്‍ ഉദ്യോഗസ്ഥര്‍ ജെ.സി.ബി ഉപയോഗിച്ച് കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു. അതിനെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉചിതമായി. അല്ലെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ശത്രുചേരിക്ക് വര്‍ഗീയ രാഷ്ട്രീയ ആയുധമാകുമായിരുന്നു ആ വിഷയമെന്നും കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.