ഇടനെഞ്ചിടറി ജന്മനാട്; കോടിയേരിക്ക് അന്ത്യാഭിവാദ്യമേകി ആയിരങ്ങൾ -VIDEO
text_fieldsകണ്ണൂർ: അന്തരിച്ച സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചു. രാത്രി 10ഓടെ ടൗൺ ഹാളിൽ നിന്നും മൃതദേഹം കോടിയേരി മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെ 10 വരെ മാടപ്പീടികയിലെ വീട്ടിലും പിന്നീട് കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്കാരം.
രാവിലെ 11ഓടെ എയർ ആംബുലൻസ് കണ്ണൂരിലിറങ്ങുമെന്നായിരുന്നു ആദ്യവിവരം. ഇതനുസരിച്ച് രാവിലെ ഒമ്പതുമുതൽ കണ്ണൂർ വിമാനത്താവള പരിസരത്തും വിലാപയാത്ര കടന്നുപോകുന്ന വഴിയിലും വൻ ജനക്കൂട്ടം കാത്തുനിന്നു. ഉച്ചക്ക് ഒരുമണിയോടെയാണ് ഭൗതിക ശരീരം എയർ ആംബുലൻസിൽ ചെന്നൈയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിക്കാനായത്. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽവെച്ച് അന്ത്യോപചാരമർപ്പിച്ചു. പീന്നീട് മന്ത്രിമാരുടെയും നേതാക്കളുടെയും നൂറോളം റെഡ് വളന്റിയർമാരുടെയും അകമ്പടിയോട വിലാപയാത്ര ആരംഭിച്ചു.
മട്ടന്നൂർ മുതൽ തലശ്ശേരി വരെ ഗ്ലാസ് ആംബുലൻസിലാണ് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോയത്. 14 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ജനബാഹുല്യവും സമയപരിമിതിയും കാരണം സെക്കൻഡുകൾ മാത്രമാണ് എല്ലായിടത്തും വാഹനം നിർത്തിയത്. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിലാപയാത്രയുടെ വേഗംകുറച്ചു.
ആദ്യമായി പൊതുദർശനത്തിന് എത്തിയ മട്ടന്നൂർ ബസ്സ്റ്റാൻഡിൽ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ജനസഞ്ചയം കാരണം ആംബുലന്‍സ് തീര്‍ത്തും വേഗംകുറച്ച് ബസ് സ്റ്റാൻഡില്‍ പ്രവേശിച്ച് പുറത്തേക്കിറക്കുകയായിരുന്നു. കൂത്തുപറമ്പ്, കതിരൂർ എന്നിവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ റെഡ് വളന്റിയർമാർ നന്നേ പാടുപെട്ടു.
പൊലീസടക്കം ഇടപെട്ടാണ് ആംബുലൻസിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്. വിലാപയാത്ര കടന്നുപോകവെ വാഹനത്തിന് പുഷ്പവൃഷ്ടി നടത്തി സ്ത്രീകളടക്കമുള്ള ജനസഞ്ചയം കിലോമീറ്ററുകളോളം അനുഗമിച്ചു. വൈകീട്ട് മൂന്നരയോടെ തലശ്ശേരി ടൗൺഹാളിലെത്തിച്ച ഭൗതികശരീരം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ചെങ്കൊടി പുതപ്പിച്ച് പൊതുദർശനത്തിനുവെച്ചു.
തലശ്ശേരി ടൗൺ ഹാളിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി. നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രിയ നേതാവിനെ അവസാനമായി കണ്ടു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.