കാനം പറഞ്ഞതുതന്നെ കാര്യം –കോടിയേരി
text_fieldsപാലക്കാട്: ഭൂമി കൈയേറ്റത്തെപറ്റിയുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി വെല്ലുവിളി നടത്തിയതിനെ പറ്റി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചതിനപ്പുറം തനിക്ക് പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
വെല്ലുവിളികൾക്ക് വേണ്ടിയല്ല ജനജാഗ്രത യാത്രയെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടി പറഞ്ഞതിെൻറ ഉത്തരവാദിത്തം യാത്രയുടെ ക്യാപ്റ്റൻ എന്ന നിലക്ക് തനിക്കില്ലെന്നും പ്രസംഗത്തിലെ ഔചിത്യവും അനൗചിത്യവും നിശ്ചയിക്കേണ്ട ചുമതല മന്ത്രിക്കുണ്ടായിരുന്നുവെന്നും കാനം പറഞ്ഞു. ഇതിനപ്പുറം ഈ വിഷയത്തിൽ തനിക്കൊന്നും പറയാനില്ലെന്ന് പാലക്കാട്ട് വാർത്തസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണത്തെപറ്റിയുള്ള റിപ്പോർട്ടിൽ നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് ഉചിത നടപടി ഉണ്ടാവും. യാത്രയുടെ നിലമ്പൂർ മണ്ഡലം സ്വീകരണ ചടങ്ങിൽ പി.വി. അൻവർ എം.എൽ.എയെ മാറ്റിനിർത്തിയെന്ന പ്രചാരണം ശരിയല്ല. സ്ഥലത്ത് ഇല്ലാത്തതിനാലാണ് അൻവർ പങ്കെടുക്കാതിരുന്നത്.
കള്ളക്കടത്തുകാരുമായി ഇടത് മുന്നണിക്ക് ബന്ധമില്ല. ഇവരുമായുള്ള ബന്ധം യു.ഡി.എഫുകാർക്കാണ്. വ്യക്തിപരമായി അധിക്ഷേപിച്ച് എം.ഐ. ഷാനവാസ് എം.പി നടത്തിയ പരാമർശം ശ്രദ്ധയിൽപെടുത്തിയപ്പോൾ, സുമുഖനും സുന്ദരനുമായ ഷാനവാസ് തെൻറ സുഹൃത്താണെന്ന മറുപടിയാണ് കോടിയേരിയിൽനിന്ന് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.