ത്രിപുരയിലെ തോൽവിയുടെ പേരിൽ ‘കോൺഗ്രസായ നമഃ ’പറയില്ല -കോടിയേരി
text_fieldsകോട്ടയം: ത്രിപുരയിലെ തോൽവിയുടെപേരിൽ ‘കോൺഗ്രസായ നമഃ’ എന്നുപറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയത്തിെൻറ അടിസ്ഥാനത്തിൽ മാത്രെമ കൂട്ടുകെട്ട് ഉണ്ടാക്കാനാകൂ. നയപരമല്ലാത്ത യോജിപ്പിനെ ജനം അംഗീകരിക്കില്ല. സി.പി.എം സ്വതന്ത്രമായി ശക്തിവർധിപ്പിക്കണമെന്നതാണ് ത്രിപുര നൽകുന്ന പാഠം. സി.പി.എം ജില്ല കമ്മിറ്റി നൽകിയ സ്വീകരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനപദ്ധതി വേണം. ഇപ്പോൾ എതിർ പക്ഷത്തുള്ളവരുമായി പോലും ബന്ധമുണ്ടാക്കാൻ കഴിയുന്ന പുതിയ രാഷ്ട്രീയദൗത്യത്തിന് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വികസനത്തിന് സമാധാനം ആവശ്യമാണ്. അക്രമത്തിലും കൊലപാതകത്തിലും സി.പി.എം പങ്കാളിയാകാൻ പാടില്ല. അതിന് ആത്മസംയമനം പാലിക്കാൻ പ്രവർത്തകർ തയാറാകണം.
ത്രിപുരയിൽ സി.പി.എം തകർന്നെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. അവിടെ 45 ശതമാനം ജനങ്ങളുടെ പിന്തുണ സി.പി.എമ്മിനുണ്ട്. ഈ അടിത്തറയിൽ നിന്ന് ഭരണത്തിൽ തിരിച്ചെത്താനുള്ള കരുത്തുണ്ട്. ഇത് മതനിരപേക്ഷ കക്ഷികൾ മനസിലാക്കണം. ബി.ജെ.പിയുടെ വെല്ലുവിളി നേരിടാൻ കേരളത്തിലെ മതനിരപേക്ഷശക്തികൾ സന്നദ്ധമാണ്. വിന്ധ്യനിപ്പുറം ബി.ജെ.പിക്ക് കടന്നുവരാൻ കഴിയില്ല.
ഗോവ, മേഘാലയ, നാഗാലാൻഡ് എന്നിവടങ്ങളിൽ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയായിരുന്നു ബി.ജെ.പി. പലയിടത്തും കോൺഗ്രസിനെ വിലക്കെടുക്കാനും അവർക്ക് കഴിഞ്ഞു. ജില്ല സെക്രട്ടറി വി.എൻ. വാസവൻ അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.